palam

ചങ്ങനാശേരി : വീടിനു മുന്നിൽ വെള്ളമുണ്ട്, പക്ഷേ പറഞ്ഞിട്ടെന്താ. കുടിക്കാൻ കൊള്ളുന്ന ഒരുകുടം വെള്ളം വീട്ടിലെത്തിക്കണമെങ്കിൽ അപകടാവസ്ഥയിലായ ഒരു പാലം കടക്കേണ്ട ഗതികേടിലാണ് ചാലച്ചിറ തോട്ടുപുറമ്പോക്കിൽ താമസിക്കുന്ന വീട്ടമ്മമാർ. പതിനെട്ട് വർഷം മുൻപ് സമീപത്തെ ഷാപ്പ് കോൺട്രാക്ടർ ആണ് ഇവിടെ പണിത തടിപ്പാലമാണ് ഇവരുടെ ആശ്രയം. അതുവരെ ഒരു കിലോമീറ്റർ അകലെ ചാലച്ചിറ പാലത്തിലൂടെ ചുറ്റിക്കറങ്ങി പോകേണ്ടിവന്നിരുന്ന വീട്ടമ്മമാർക്ക് തടിപ്പാലം ഒരു ആശ്വാസമായിരുന്നെങ്കിലും ഇന്ന് കാലപ്പഴക്കത്താൽ പാലം അപകടാവസ്ഥയിലായി. ഇപ്പോൾ പാലത്തിൽ പലഭാഗത്തും തടിയില്ലാത്ത അവസ്ഥയിലായതിനാൽ വെള്ളം തലച്ചുമടായി കൊണ്ടു വരുന്നവരും, കുട്ടികളും കാലുതെന്നി തോട്ടിൽ വീണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇവർ പറയുന്നു. പതിനൊന്ന് കുടുംബങ്ങളാണ് ചാലച്ചിറ കിഴക്കുഭാഗത്തെ തോട്ടുപുറമ്പോക്കിൽ താമസിക്കുന്നത്. വീടുകളിൽ പൈപ്പ് കണക്ഷൻ വേണമെന്നുള്ള ഇവരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇപ്പോൾ ആകെയുള്ള ആശ്രയമായ പാലവും അപകടത്തിലായി. പാലത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്തുതരണമെന്ന് ആവശ്യപ്പെട്ട് ഇവർ പഞ്ചായത്ത്-വില്ലേജ് അധികാരികൾക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് ഇവർ.

-- നിർദ്ധനകുടുംബങ്ങളുടെ ഏകആശ്രയമായ നടപ്പാലം അറ്റകുറ്റപ്പണികൾ ചെയ്ത് സഞ്ചാരയോഗ്യമാക്കി അപകടങ്ങൾ ഒഴിവാക്കാൻ ഗ്രാമപഞ്ചായത്ത് അധികാരികൾ തയ്യാറാകണം

ഇത്തിത്താനം വികസനസമിതി യോഗം