maveli
മാവേലിയെ ആവശ്യമുണ്ടെന്നുള്ള പത്രപരസ്യം

കോട്ടയം: '5 ദിവസത്തേക്ക് മാവേലി ആയി നിൽക്കാൻ നല്ല ഉയരവും അതിനൊത്ത വണ്ണവും വയറും ഉള്ളവരെ ആവശ്യമുണ്ട്. ശമ്പളം ദിവസം 900 രൂപ ബാറ്റാ പുറമേ '. ഇതൊരു പത്രപരസ്യമാണ്.

ഓണത്തിന് ഏറെ ഡിമാൻഡ് നേന്ത്രക്കായയ്ക്കാണെന്നാണ് പൊതുവേ പറയാറുള്ളത്. എന്നാൽ ഇപ്പോൾ മാവേലിക്കും ഡിമാൻഡായി.
ആളെ കിട്ടാനില്ല. ചെലവ് കാശ് മുതലാകില്ലെന്ന് പറഞ്ഞ് ഇട്ടിട്ടു പോകുമെന്നാണ് പരസ്യം കൊടുത്തവർ പറയുന്നത്.

മാവേലിക്ക് മലയാളി സമൂഹം നൽകിയ ഇമേജ് ഏതാണ്ടൊരു കോമാളി രൂപമാണ്.

അതു കൊണ്ടാണ് നല്ല പൊക്കവും വണ്ണവും വയറുമുള്ള വരെ പരസ്യക്കാർ ആവശ്യപ്പെടുന്നത് .

ഏതോ ആർട്ടിസ്റ്റ് പണ്ട് വരച്ച രൂപമാണ് കപ്പടാ മീശയുമായി ആജാനുബാഹുവായ മാവേലിയും കോണകമുടുത്ത് പൊക്കം കുറഞ്ഞ വാമനനും. ഇന്നും ഓണക്കാലത്ത് മലയാളികൾ തേടുന്നത് ഈ വേഷക്കാരെയാണ്. കിരീടത്തിന് കീഴെ കപ്പടാ മീശയും വെച്ച് രാജാപ്പാർട്ട് വേഷത്തിൽ മാവേലി നിൽക്കുന്നതു കണ്ടാൽ പരിഹാസം തോന്നുമെങ്കിലും മലയാളിത്തനിമയുള്ള മറ്റൊരു രൂപം ഇന്നും മലയാളിയുടെ മുന്നിലില്ല.

മാവേലിയാകാൻ ആണുങ്ങളേ തയ്യാറാകാറുള്ളൂ. എന്തിലും തുല്യത വേണമെന്നു പറയുന്ന ഫെമിനിസ്റ്റുകൾ എന്തുകൊണ്ടോ മാവേലി വേഷം കെട്ടാൻ താത്പര്യം കാണിക്കുന്നില്ല.

ഓണസീസണ് മാത്രമായി പളുപളുപ്പുള്ള വേഷവും ആഭരണങ്ങളും വാങ്ങുന്നതിന് വലിയ ചെലവ് വരുമെന്നതിനാൽ ഇവ വാടകയ്ക്ക് സംഘടിപ്പിക്കും. വേഷം കെട്ടാൻ മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സഹായം തേടണം.ഇതിന് 500 നു മുകളിൽ നൽകണം.

വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ നിറുത്താനാണ് ഓണക്കാലത്ത് മാവേലിവേഷക്കാരനെ കച്ചവടക്കാർ തേ‌‌ടുന്നത്. പകൽ മുഴുവൻ കടയുടെ മുന്നിൽ ഒറ്റ നിൽപ്പാണ്. വന്നുപോകുന്ന കസ്റ്റമേഴ്സിന് സലാം പറയണം. കൊച്ചുകുട്ടികൾക്ക് സമ്മാനം കൊടുക്കണം. വൈകുന്നേരമാകുംമുമ്പേ കാല് നീര് വെച്ചു വീർക്കും. മേക്കപ്പിട്ട മുഖം വലിഞ്ഞു മുറുകുന്നതിനാൽ നന്നായി ഭക്ഷണം കഴിക്കാനും കഴിയില്ല . മെനക്കേടിനനുസരിച്ചുള്ള പ്രതിഫലവുമില്ലാത്തതിനാൽ മാവേലിപ്പണിക്ക് ആളെ കിട്ടാനില്ല .എല്ലാ കാര്യത്തിനുമെന്നപോലെ ഇനി മലയാളിക്ക് പകരം ബംഗാളിമാവേലിയെ തേടേണ്ടി വരും. അവിടെയും ഒരു കുഴപ്പമുണ്ട്. ബംഗാളികൾ മെയ്യനങ്ങി ജോലി ചെയ്യുന്നതിനാൽ അവർക്കു കുടവയറില്ല . കുടവയറില്ലെങ്കിൽ പിന്നെങ്ങനെ മാവേലിയാകും!