vellakett

പാലാ: ഓടകൾ അടഞ്ഞതുമൂലം പാലാ കുരിശുപള്ളി ജംഗ്ഷനിൽ റോഡിൽ ഒറ്റ മഴയിൽ വെള്ളക്കെട്ട്.മലിനജലം ഒഴുകുന്ന ഓടകളിലുള്ള തടസമാണ് പാലാ നഗര ഹൃദയത്തിലെ വെള്ളക്കെട്ടിനു മുഖ്യ കാരണം. രാമപുരം റോഡിൽ നിന്നുള്ള ഓട നിറഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. അതിനാൽ നഗരത്തിൽ മഴ പെയ്തില്ലെങ്കിലും വെള്ളക്കെട്ടാണ്. രാമപുരം റോഡിലെ ഓടയുടെ വശങ്ങളിലെ പല ഭാഗങ്ങളിലും വെള്ളത്തിന്റെ തള്ളൽ മൂലം ചെറിയ കുഴികൾ രൂപപ്പെട്ടിട്ടുമുണ്ട്. ഒരു ചെറു മഴവന്നാൽ പോലുംഈ പ്രദേശത്തു വെള്ളക്കെട്ടാണ്. ഈ സമയത്ത് ഓടയുടെ സമീപത്തുള്ള കുഴികളെല്ലാം നിറഞ്ഞിരിക്കും. ഇതറിയാതെ വരുന്ന വാഹനങ്ങൾ ഈ കുഴികളിൽപ്പെടുന്നത് പതിവാണ്. കൂടാതെ ഈ ഭാഗത്തുകൂടി രണ്ട് സ്‌കൂളുകളിലെ വിദ്യാർത്ഥികളും, സമീപത്തുള്ള ആരാധനാലയങ്ങളിൽ പോവുന്നവരും സിവിൽ സ്റ്റേഷനിലേക്കും, ടൗണിലെ സ്വകാര്യ ബസ്സ് സ്റ്റാൻഡിലേക്ക് പോവുന്ന യാത്രക്കാരുമടക്കം നിരവധി കാൽനടയാത്രക്കാരുമുണ്ട്. പ്രായമായവരും വിദ്യാർത്ഥികളും വാഹനങ്ങൾ കടന്നു വരുമ്പോൾ പലപ്പോഴും ചെളിവെള്ളത്താൽ നനയുക പതിവാണ്. വെള്ളത്തിൽ നിന്ന് മാറി നടക്കാമെന്ന് വച്ചാൽ അവിടെ ആഴമേറിയ കുഴികളും. ഓടകൾ നന്നാക്കുന്ന കാര്യത്തിൽ അധികാരികൾ ശ്രദ്ധിക്കുന്നേയില്ലെന്നാണ് നാട്ടുകാരുടെ പരാതി.

 രാമപുരം റോഡിലെ ഓടയിലേക്ക് വെള്ളമെത്തുന്ന ഏതു ഭാഗത്ത് മഴ പെയ്താലും പാലാ കുരിശുപള്ളിക്കവലയിൽ
വെള്ളക്കെട്ടുണ്ടാകും. ഇതോടെ ഈ പ്രദേശത്തെ വ്യാപാരികളും ബുദ്ധിമുട്ടിലാവുകയാണ്. ഏത് വാഹനം റോഡിലൂടെ കടന്നു പോയാലും കടകളിലേക്ക് ഈ വെള്ളം തെറിക്കും. വെള്ളക്കെട്ടിനു കാരണമായിട്ടുള്ള ഓടകളിലെ തടസങ്ങൾ നീക്കാനുള്ള യാതൊരു നടപടികളും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. എത്രയും വേഗം ഈ വിഷയത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ കെ.എസ്.ടി.പി., പി.ഡബ്ലൂ.ഡി. അധികാരികൾ തയ്യാറാകണം.

---

ബൈജു കൊല്ലംപറമ്പിൽ
പി.ആർ.ഒ.
വ്യാപാരി വ്യവസായി ഏകോപന സമിതി , പാലാ യൂണിറ്റ്.