കോട്ടയം: ദുരഭിമാനക്കൊല എന്നതിനൊപ്പം ഏറ്റവും കുറഞ്ഞ കാലയളവിൽ വിചാരണ പൂർത്തിയാക്കിയെന്ന സവിശേഷതയും കെവിൻ കേസിനുണ്ട്.
കൊലപാതകം നടന്ന് ഒരു വർഷവും രണ്ടര മാസവും തികയുമ്പോൾ വിധി വന്നിരിക്കയാണ്.
തുടക്കത്തിൽ പൊലീസ് ഏറെ പഴികേട്ടെങ്കിലും പിന്നീട് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ചടുലമായ നീക്കങ്ങൾ കേസിനെ വിജയത്തിലെത്തിച്ചു. മൂന്ന് മാസം കൊണ്ട് കോടതി 113 സാക്ഷികളെ വിസ്തരിച്ചു. 238 രേഖകളും 55 തൊണ്ടിയും പരിഗണിച്ചു.
ഇതിന് മുൻപ് അതിവേഗം വിധി പറഞ്ഞ സൂര്യനെല്ലി പീഡനക്കേസാവട്ടെ 96 സാക്ഷികളെ വിസ്തരിച്ച് ശിക്ഷ വിധിക്കാൻ 113 ദിവസമെടുത്തു. അതിൽ സംഭവം നടന്ന് വർഷങ്ങൾക്ക് ശേഷമാണ് വിചാരണ ആരംഭിച്ചത്.
വേനൽ അവധിക്കാലത്ത് സെഷൻസ് കോടതി പ്രവർത്തിക്കുന്ന കീഴ്‌വഴക്കമില്ലെങ്കിലും കെവിൻ കേസിന്റെ വിചാരണ ആരംഭിച്ചതു തന്നെ അവധിക്കാലത്താണ്. ഹൈക്കോടതിയുടെ പ്രത്യേക അനുവാദത്തോടെയായിരുന്നു അവധിക്കാല വിചാരണ. കോടതി സമയം രാവിലെ 11 മുതൽ വൈകിട്ട് അഞ്ചു വരെയാണെങ്കിലും കെവിൻ കേസിനായി ആ സമയവും മാറ്റി. രാവിലെ 10 ന് വിചാരണ തുടങ്ങി.
പണത്തിന് വേണ്ടിയല്ലാതെ തട്ടിക്കൊണ്ടുപോയി വിലപേശുന്നതിനെതിരെയുള്ള 364 (എ) വകുപ്പ് പ്രകാരം രാജ്യത്ത് ആദ്യമായാണ് പ്രതികൾ കുറ്റക്കാരാകുന്നത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്. 1993ൽ നിയമം പ്രാബല്യത്തിൽ വന്നെങ്കിലും ഇതുവരെ ഒരു കോടതിയിലും തെളിയിക്കാനായിരുന്നില്ല.