പാലാ: പൊതുമരാമത്ത് വകുപ്പിന് ഒരു ജൈവവൈവിദ്ധ്യ സംരക്ഷണ കേന്ദ്രത്തെ നശിപ്പിക്കാനാകുമോ? വളർത്താനായില്ലെങ്കിലും തളർത്താനാകുമെന്നതിന്റെ ഉദാഹരണം നേരിൽ കാണണമെങ്കിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കല്ലേക്കുളത്ത് എത്തണം. ഇവിടെ ചാമക്കാലായിൽ സി.ഡി. ആദർശ്കുമാറിന്റെ നാലേക്കറോളം വരുന്ന ജൈവവൈവിദ്ധ്യ സംരക്ഷണ പ്രദേശത്തേക്ക് വെള്ളംകുത്തിയൊഴുകുന്നത് മൂലം നശിക്കുകയാണ്.
കഴിഞ്ഞ കാൽനൂറ്റാണ്ടായി ചാമക്കാലായിൽ തോട്ടത്തിൽ ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും അത്യപൂർവ്വ വൃക്ഷജാലങ്ങളും വംശനാശഭീഷണി നേരിടുന്നതുൾപ്പെടെ എഴുനൂറോളം ഇനം സസ്യങ്ങളാണുള്ളത്. ഇവിടേയ്ക്ക് കല്ലേക്കുളത്തെ ഉപയോഗ ശൂന്യമായ പാറമടയിൽ നിന്നും പഞ്ചായത്ത് റോഡിൽകൂടി കുത്തിയൊഴുകി വരുന്ന മലവെള്ളം ആദർശ് കുമാറിന്റെ തോട്ടത്തിലേക്കും വീട്ടുമുറ്റത്തേക്കുമാണിപ്പോൾ പാഞ്ഞെത്തുന്നത്. പതിറ്റാണ്ടുകളായി കാലവർഷാരംഭത്തിൽ തന്നെ ഇവിടേയ്ക്കുള്ള ഓടയിൽ നിന്നും ചെളിവാരി നീക്കി വലിപ്പം കൂട്ടി വെള്ളമൊഴുക്ക് സുഗമമാക്കാൻ പി.ഡബ്ല്യു.ഡി ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ മാസം ഈ ഭാഗത്തുള്ള ഓട കോൺക്രീറ്റ് ചെയ്യുകയും വെള്ളമൊഴുക്ക് തടസപ്പെടുകയും ചെയ്തു. ഇതോടെ പഞ്ചായത്ത് റോഡിലൂടെ കുത്തിയൊഴുകി വരുന്ന വെള്ളം പി.ഡബ്ല്യു.ഡി. റോഡിലേക്ക് ഒഴുകി പരക്കുകയാണ്. കഴിഞ്ഞദിവസം ഉണ്ടായ അതിശക്തമായ മഴയിൽ മലവെള്ളം പി.ഡബ്ല്യു.ഡി. റോഡിന് കുറുകെ ഒഴുകി ആദർശ്കുമാറിന്റെ തൊടിയിലും വീട്ടുമുറ്റത്തും സംരക്ഷിച്ചിരുന്ന ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും ഉൾപ്പെടെ ഒരുലക്ഷത്തോളം തൈകളാണ് നശിച്ചുപോയത്.
അശാസ്ത്രീയമായി കോൺക്രീറ്റ് ചെയ്ത ഓട പൊളിച്ചുമാറ്റി വലിപ്പം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ആദർശ് കുമാർ ഈരാറ്റുപേട്ട പി.ഡബ്ല്യു.ഡി.യിൽ തുടരെ പരാതികൾ നൽകിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. ഇപ്പോൾ ഒരു ചെറിയ മഴ പെയ്താൽ പോലും ചാമക്കാലായിൽ പുരയിടത്തിലേക്കും വീട്ടുമുറ്റത്തേക്കും റോഡിൽനിന്നും വെള്ളം കുത്തിയൊഴുകി വരികയാണ്.
ജൈവവൈവിദ്ധ്യ സംരക്ഷണ കേന്ദ്രം തകർക്കാനുള്ള നടപടികളാണ് പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ആദർശ് പറയുന്നു. സഹായച്ചില്ലെങ്കിലും കുഴപ്പമില്ല ഉള്ള തോട്ടം നശിപ്പിക്കരുതേയെന്നാണ് വനംവകുപ്പിന്റേതുൾപ്പെടെ ഇരുപതോളം പരിസ്ഥിതി സംരക്ഷണ പുരസ്‌ക്കാരങ്ങൾ നേടിയ ഈ യുവകർഷകന്റെ പരിദേവനം.
പൂഞ്ഞാർ നടുഭാഗം വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയിരുന്നു. പ്രവർത്തന രഹിതമായ പാറമടയിൽ നിന്നും ശക്തമായ മഴമൂലമുണ്ടായ വെള്ളം റോഡിലൂടെ ഒഴുകി ചാമക്കാലായിൽ ആദർശ് കുമാറിന്റെ സ്ഥലത്ത് എടുത്തിട്ടിരുന്ന മണ്ണ് സഹിതം താഴേയ്ക്ക് ഒഴുകിപ്പോയതായി വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്യുന്നു. റോഡിലെ കോൺക്രീറ്റ് ചെയ്ത ഓടപൊളിച്ച് താഴ്ച്ചകൂട്ടിയാൽ മാത്രമേ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുകയുള്ളൂവെന്ന് കാണിച്ച് വില്ലേജ് ഓഫീസർ മീനച്ചിൽ താലൂക്കിലേക്ക് റിപ്പോർട്ട് അയച്ചിട്ടുണ്ട്.
ഇവിടെ സ്വാഭാവികമായുള്ള നീരൊഴുക്കാണുണ്ടായത്. അതിശക്തമായ മഴയിലാണ് പുരയിടത്തിലേക്ക് വെള്ളം കുത്തിയൊഴുകിയത്. നിലവിൽ ഇവിടെ ഹംപ് കൊടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രശ്‌നത്തിന് പരിഹാരം ആകുമെന്നാണ് പ്രതീക്ഷ. മനപ്പൂർവ്വം ജൈവവൈവിദ്ധ്യ കേന്ദ്രം നശിപ്പിക്കാൻ പി.ഡബ്ല്യു.ഡി. ഒരു നടപടിയും സ്വീകരിച്ചിട്ടില്ല
---- അനു, എ.ഇ, ഈരാറ്റുപേട്ട പി.ഡബ്ല്യു.ഡി