കോട്ടയം: സ്ത്രീ ശാക്തീകരണത്തിന് വഴികാട്ടിയായി വാഴൂർ ഗ്രാമപഞ്ചായത്തിന്റെ സ്ത്രീപദവി പഠന റിപ്പോർട്ട്. പഞ്ചായത്തിലെ സ്ത്രീകളുടെ സ്ഥിതി വിലയിരുത്തുകയും അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും കണ്ടെത്തി പരിഹാര മാർഗങ്ങൾ നിർദേശിക്കുകയും ചെയ്യുന്ന റിപ്പോർട്ട് അസിസ്റ്റന്റ് കളക്ടർ ശിഖ സുരേന്ദ്രൻ പ്രകാശനം ചെയ്തു. കളരി ആശാട്ടിയായ സരസ്വതിയമ്മ ആദ്യ കോപ്പി ഏറ്റുവാങ്ങി.
പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തെ സഖി വിമെൻ റിസോഴ്‌സ് സെന്ററിന്റെ സഹകരണത്തോടെയായിരുന്നു പഠനം. പഞ്ചായത്തിൽനിന്നുതന്നെ തിരഞ്ഞെടുക്കപ്പെട്ട 55 സ്ത്രീകൾ 368 വീടുകളിൽ സന്ദർശനം നടത്തിയാണ് വിവര ശേഖരണം നടത്തിയത്.
പഠനത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളുടെ ഉന്നമനത്തിന് ഉപകരിക്കുന്ന കർമ്മപരിപാടികൾ അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്താനാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്.
പഞ്ചായത്ത് മിനി ഹാളിൽ നടന്ന പ്രകാശനച്ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ എസ്. പുഷ്‌ക്കലാ ദേവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.എം ജോൺ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി റെജി, എ.ഡി.സി (ജനറൽ) ജി. അനീസ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ ജി. മോഹൻ ദാസ്, വനിത,ശിശു വികസന ഓഫീസർ പി.എൻ. ശ്രീദേവി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന ബിനു ജോൺ, സഖി വിമൻസ് റിസോഴ്‌സ് സെന്റർ പ്രതിനിധി ജി. രജിത, സി.ഡി.പി.ഒ മെർളി ജോസ്, എസ്.വി.ആർ കോളേജ് പ്രിൻസിപ്പൽ രേണുക, എസ്.വി.ആർ എച്ച്.എസ്.എസ് പ്രിൻസിപ്പൽ ദേവിജ, ജെന്റർ റിസോഴ്‌സ് സെന്റർ കൺവീനർ എം. സൗമ്യ, ജെൻഡർ ഡെസ്‌ക് സൂപ്പർവൈസർ അനു മാത്യു, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
പഞ്ചായത്തിലെ ജാഗ്രത സമിതി, ജെൻഡർ റിസോഴ്‌സ് സെന്റർ എന്നിവയുടെ ഭാഗമായി സ്‌കൂളുകളിൽ പ്രവർത്തനമാരംഭിക്കുന്ന ജെൻഡർ ഡസ്‌കിന്റെ ലോഗോ പ്രകാശനം ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ എ.എസ്. മായ നിർവഹിച്ചു.
റിപ്പോർട്ടിലെ ശുപാർശകൾ
സ്ത്രീകളുടെ സാമൂഹിക, മാനസിക, ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കണം
ഗാർഹിക ഉത്തരവാദിത്വം മൂലം സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ കഴിയുന്നില്ല.
സ്ത്രീകളുടെ ജീവിത ശൈലീരോഗങ്ങൾ വീടുകളിലെത്തി പരിശോധിക്കണം
കുടുംബാരോഗ്യ കേന്ദ്രവുമായി സഹകരിച്ച് വനിതാ ഹെൽത്ത് ക്ലബ്ബ് വേണം
സ്തനാർബുദം ഉൾപ്പെടെ രോഗങ്ങൾ കണ്ടെത്താൻ ക്യാമ്പ് സംഘടിപ്പിക്കണം.
വിവാഹത്തോടു കൂടി പഠനം നിർത്തിയവർക്ക് തുടർപഠനത്തിന് അവസരം
വിവാഹപ്രായമെത്തിയ യുവതീയുവാക്കൾക്ക് വിവാഹപൂർവ കൗൺസലിംഗ്
അതിക്രമങ്ങൾ ഒഴിവാക്കാൻ പുരുഷൻമാർക്ക് ബോധവത്കരണം നൽകണം.
കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്ത്രീകൾക്ക് ഡ്രൈവിംഗ് പരിശീലനം
ഭാര്യയുടെ പേരിലുള്ള പുതിയ വീടുകൾക്ക് നികുതി ഇളവ് പരിഗണിക്കണം