mani-c-kappan

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ മാണി സി. കാപ്പനെ സ്ഥാനാർത്ഥിയാക്കരുതെന്നാവശ്യപ്പെട്ട് എൻ.സി.പി ദേശീയ നേതാക്കൾക്കും സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിക്കും പാർട്ടിയിലെ ഒരു വിഭാഗം കത്തയച്ചു.

കത്തിലുടനീളം മാണി സി. കാപ്പനെതിരെയുള്ള ആരോപണങ്ങളാണുള്ളത്. എൻ.സി.പിയിലെ കാപ്പൻ വിരുദ്ധ വിഭാഗക്കാരാണ് ഇതിന് പിന്നിൽ.

മാണി സി. കാപ്പൻ ഇടതു മുന്നണി നടത്തുന്ന ഒരു പരിപാടിയിലും പങ്കെടുക്കുന്നില്ല. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നിരവധി കേസുകളുമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ.എം. മാണിക്കെതിരെ തിരഞ്ഞെടുപ്പ് കേസ് ഫയൽ ചെയ്ത ശേഷം പാർട്ടിയോട് ആലോചിക്കാതെ പിൻവലിച്ചു. ഇനി പാലായിൽ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചു. വീണ്ടും മത്സരിക്കുമെന്ന് പറയുന്നത് യു.ഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം സുനിശ്ചിതമാക്കാനാണെന്ന് കത്തിൽ ആരോപിക്കുന്നു.

സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിക്ക് പുറമേ

അഖിലേന്ത്യാ പ്രസിഡന്റ് ശരത്പവാർ, ജനറൽ സെക്രട്ടറിമാരായ പ്രഫുൽ പട്ടേൽ, ടി.പി. പീതാംബരൻ, വർക്കിംഗ് പ്രസിഡന്റ് എ.കെ. ശശീന്ദ്രൻ എന്നിവർക്കും കത്തിന്റെ കോപ്പി അയച്ചിട്ടുണ്ട്.