കല്ലറ: കഴിഞ്ഞ പ്രളയത്തിൽനിന്ന് പാഠമുൾക്കൊണ്ട് കല്ലറ ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച ബണ്ട് സംരക്ഷിച്ചത് 3500 ഏക്കർ നെൽക്കൃഷി. പറമ്പൻകരി, പറമ്പൻ 54, ആനച്ചാൻകുഴി, സി. ബ്ലോക്ക് എന്നിങ്ങനെ 40 ഓളം പാടശേഖരങ്ങളിലെ 41 ദിവസത്തിലധികം പ്രായമായ നെൽകൃഷിയാണ് വെള്ളം കയറാതെ സംരക്ഷിക്കാനായത്. പാടശേഖര സമിതികളുടെ നേതൃത്വത്തിൽ 42,000 മീറ്റർ നീളത്തിൽ ഒക്ടോബറിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ നാലുമാസം കൊണ്ടാണ് പൂർത്തിയാക്കിയത്.

കഴിഞ്ഞ പ്രളയത്തിൽ നെൽക്കൃഷി പൂർണ്ണമായും നശിച്ച് കോടികളുടെ നഷ്ടമാണ് ഇവിടുത്തെ കർഷകർക്കുണ്ടായത്. പ്രദേശത്തെ മുഴുവൻ വീടുകളിലും വെള്ളം കയറിയിരുന്നു. പല പാടശേഖരങ്ങളും തുടർകൃഷിക്ക് യോഗ്യമല്ലാത്ത രീതിയിൽ നശിച്ചു. കൃഷിഭവനും പാടശേഖരസമിതിയും ചേർന്നു നടത്തിയ പ്രവർത്തനങ്ങളാണ് ഇത്തവണ പ്രളയത്തെ അതിജീവിക്കാൻ സഹായിച്ചത്. ഈ തവണ പ്രദേശത്തെ 250 ഓളം വീടുകളിലും ഇത്തവണ വെള്ളം കയറിയില്ല. കഴിഞ്ഞ പ്രളയത്തിൽ തകർന്ന മടകൾ പൂർവ്വസ്ഥിതിയിലാക്കാനും അറ്റകുറ്റപണികൾ നടത്താനുമായി 5,50,577 രൂപയും ബണ്ട് നിർമിക്കുന്നതിന് 24,31,020 രൂപയും ചെളി നീക്കം ചെയ്ത് വാച്ചാൽ പുനർനിർമ്മിക്കാൻ 1,60,19,916 രൂപയുമടക്കം 1.90 കോടി രൂപയാണ് നിർമാണപ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്.

42,000 മീറ്റർ നീളത്തിൽ ഒക്ടോബറിൽ നിർമ്മാണം ആരംഭിച്ചു

1.90 കോടി

അറ്റകുറ്റപണികൾ നടത്താൻ 5,50,577 രൂപ

ബണ്ട് നിർമിക്കുന്നതിന് 24,31,020 രൂപ

ചെളി നീക്കം ചെയ്ത് വാച്ചാൽ പുനർനിർമ്മിക്കാൻ 1,60,19,916 രൂപ