പൊൻകുന്നം: വിനോദസഞ്ചാരികളുടെ മനംകവരുന്ന മനോഹരദൃശ്യങ്ങൾ അധികൃതരുടെ അനാസ്ഥമൂലം ആരും ശ്രദ്ധിക്കപ്പെടാതെപോകുന്നു. പൊൻകുന്നത്തിന്റേയും കാഞ്ഞിരപ്പള്ളിയുടെയും മദ്ധ്യഭാഗത്തായി കുന്നുംഭാഗത്ത് താലൂക്കിന്റെഹൃദയഭൂമിയിലെ വിസ്മയക്കാഴ്ചയായ മേലരുവി വെള്ളച്ചാട്ടത്തിനാണ് ഈ ദുർഗതി. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മേലരുവിയിൽ തടാകംപോലെ നിശ്ചലമായ മേൽത്തട്ടിൽനിന്നും മെല്ലെ ഒഴുകിയെത്തുന്ന നീർച്ചാലുകൾ കുത്തനെയുള്ള പാറക്കെട്ടുകളിൽ തട്ടിത്തെറിച്ച് മുത്തുമണികൾപോലെ ചിതറി പതഞ്ഞൊഴുകുന്ന കാഴ്ച പ്രകൃതിസ്‌നേഹികൾക്ക് നല്ല ഒരു വിരുന്നാണ്.പക്ഷേ ഇത് പുറംലോകം അറിയുന്നില്ല.അറിയിക്കാൻ ആരും ശ്രമിക്കുന്നുമില്ല.ദേശീയപാതയിൽനിന്ന് ഒരുകിലോമീറ്ററിൽ താഴെമാത്രമാണ് ഇവിടേക്കുള്ള ദൂരം.പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന വഴി നനന്നാക്കിയെടുത്താൽ അഞ്ചുമിനിട്ടുകൊണ്ട് മേലരുവിയിലെത്താം.തേക്കടി,വാഗമൺ,പാഞ്ചാലിമേട് തുടങ്ങി ഹൈറേഞ്ചിലെ വിനേദസഞ്ചാരകേന്ദ്രങ്ങളിലേക്കെത്തുന്ന വിദേശികളടക്കമുള്ള വിനോദസഞ്ചാരികൾക്ക് മനംകവരുന്ന ദൃശ്യാനുഭവമാണ് മേലരുവി വെള്ളച്ചാട്ടം.മെയ്മുതൽ ഡിസംബർ വരെയുള്ള എട്ടുമാസക്കാലം ഇവിടെ ശക്തമായ ഒഴുക്കുണ്ടാകും.കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 21ാം വാർഡിലാണ് മേലരുവി വെള്ളച്ചാട്ടം.ഇതൊരു വിനോദസഞ്ചാരകേന്ദ്രമാക്കിമാറ്റാൻ പഞ്ചായത്തിന് പദ്ധതിയുണ്ടെങ്കിലും എവിടേയും ഒരു സൂചനാബോർഡുപോലും സ്ഥാപിച്ചിട്ടില്ല.ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കാൻ വേണ്ട നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ജോഷി അഞ്ചനാട്ട് ,ഗ്രാമപഞ്ചായത്ത് അംഗം.
മേലരുവിയുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും.ജില്ലാ ടൂറിസം വകുപ്പുമായി ചേർന്ന് പഞ്ചായത്ത് പദ്ധതി തയ്യാറാക്കും.അതിനുള്ള പ്രാഥമിക നടപടികൾ തുടങ്ങി.ടൂറിസംവകുപ്പിന്റൈ അനുമതിക്കായി കാത്തിരിക്കുകയാണ്.