കോട്ടയം: പ്രളയബാധിത പ്രദേശങ്ങളിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായി ജില്ലയിലെ ന്യായാധിപൻമാർ. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്ന 280 ഓളം കിറ്റുകളാണ് ജില്ലയിലെ ന്യായാധിപൻമാർ ചേർന്ന് സ്വരൂപിച്ച് വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്തത്. തിരുവാർപ്പിലെ അംബേദ്ക്കർ കോളനി, മാധവശേരി കോളനി, ഐമനം പഞ്ചായത്തിലെ പരിപ്പ് ഭാഗം, അയർക്കുന്നം പഞ്ചായത്തിലെ മഹാത്മാ കോളനി എന്നിവിടങ്ങളിലും കുമരകം പഞ്ചായത്തിലെ പതിനാറാം വാർഡിലെ പള്ളിത്തോപ്പ് നിവാസികൾക്കുമാണ് സഹായം വിതരണം ചെയ്തത്. പ്രിൻസിപ്പൽ ജില്ലാ ജഡ്ജി സി.ജയചന്ദ്രന്റെ നിർദേശപ്രകാരം അഡീഷണൽ ജില്ലാ ജഡ്ജി ഗോപകുമാർ, സബ് ജഡ്ജും ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയുമായ ടിജി ജോർജ് , പാരാ ലീഗൽ വോളണ്ടിയർ ടി.വി ബോസ് എന്നിവരുടെ നേതൃത്വത്തിലാണ് സഹായം വിതരണം ചെയ്തത്.