കോട്ടയം: വിജയപുരത്തിന്റെ പൊന്നോമനകളായ സൂര്യയ്ക്കും വിഷ്ണുവിനും സ്നേഹവീടൊരുങ്ങി. ലൈഫ് മിഷനൊപ്പം സുമനസുകളുടെ കൈത്താങ്ങും ചേർത്ത് നിർമിച്ച മനോഹരമായൊരു കൊച്ചുവീട്.

ഇന്നലെ വൈകിട്ട് കളത്തിപ്പടി ലിറ്റിൽ ഫ്ലവർ പള്ളി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വീടിന്റെ താക്കോൽ കൈമാറി. ടാക്സി ഡ്രൈവറായിരുന്ന പിതാവ് കളത്തിപ്പടി ഉണ്ണിക്കുന്ന് വീട്ടിൽ വിജയൻ രണ്ടുവർഷം മുമ്പൊരുദൗർഭാഗ്യ നിമിഷത്തിൽ വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതംവന്ന് മരണപ്പെട്ടു. ആറ് മാസത്തിന് ശേഷം രോഗബാധിതയായിരുന്ന മാതാവ് ഷൈലമ്മയും കുട്ടികളെ തനിച്ചാക്കി മൺമറഞ്ഞു. സുരക്ഷിതമായി കയറിക്കിടക്കാൻ സ്വന്തമായൊരു വീടുപോലുമില്ലാത്ത സഹോദരങ്ങൾക്ക് മാതാപിതാക്കൾകൂടി നഷ്ടപ്പെട്ട ശൂന്യത ആശ്വാസവാക്കുകൾക്കൊണ്ട് പരിഹരിക്കാനാവില്ലെന്ന നാട്ടുകാരുടെ തിരിച്ചറിവിൽ നിന്നാണ് സ്നേഹവീടിന് കളമൊരുങ്ങിയത്.

ഗ്രാമപഞ്ചായത്ത് അംഗം രജനി സന്തോഷ് മാതൃവാത്സല്യത്തോടെ ഈ കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി മുന്നിട്ടിറങ്ങി. വിജയപുരത്തിന്റെ പൂർണമനസ് രജനിക്ക് പിന്നിൽ അണിചേർന്നു. വിജയന്റെ തറവാട്ട് സ്വത്തിൽ നിന്ന് 5 സെന്റ് ഭൂമി കുട്ടികളുടെ പേരിലെഴുതി കിടപ്പാടമൊരുക്കി. ഗ്രാമപഞ്ചായത്ത് ലൈഫ് മിഷൻ പദ്ധതിയിൽ 4 ലക്ഷംരൂപ അനുവദിച്ചതോടെ വീട് എന്ന സ്വപ്നത്തിന് ചിറകുമുളച്ചു. എസ്.എൻ.ഡി.പി യോഗം വിജയപുരം ശാഖ, വനിതാസംഘം, യൂത്തുമൂവ്മെന്റ് ഭാരവാഹികളും സാമൂഹ്യപ്രവർത്തകരും കൈകൊർത്തു. കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധുവിന്റെ സഹായവും പിന്തുണയും ലഭിച്ചതോടെ കൂട്ടായ്മ കരുത്താർജിച്ചു. അദ്ദേഹത്തിന്റെ കൂടെ പരിശ്രമത്താൽ വ്യക്തികളും സന്നദ്ധസംഘടനകളും 3.5 ലക്ഷത്തോളം രൂപ സംഭാവന ചെയ്തു. അങ്ങനെ മനോഹരമായ ആ കൊച്ചുവീട് യാഥാർത്ഥ്യമായി. ഇന്നലെ നടന്ന താക്കോൽദാനചടങ്ങിൽ എം. മധു അദ്ധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിനോദ് പെരിഞ്ചേരി, റോയി ജോൺ ഇടത്തറ, ഗ്രാമപഞ്ചായത്ത് അംഗം വി.ടി. സോമൻ കുട്ടി, പൊൻപള്ളി യാക്കോബായ സുറിയാനിപ്പള്ളി വികാരി മാത്യൂസ് കോർ എപ്പിസ്കോപ്പ, ഗിരിദീപം അഡ്മിനിസ്ട്രേറ്റർ ഫാ. ജസ്റ്റിൻ തോമസ്, സ്നേഹക്കൂട് ഡയറക്ടർ നിഷ, ശ്രീനാരായണ മിഷൻ ഫോർ ലൈഫ് എക്സലന്റ് ട്രസ്റ്റ് അംഗം വി.എൻ. ബെൻസാൽ, തത്വമസി സ്വയം സഹായസംഘം പ്രസി‌ഡന്റ് അനൂപ് സോമൻ, എസ്.എൻ.ഡി.പി യോഗം വനിതാസംഘം വിജയപുരം യൂണിറ്റ് പ്രസിഡന്റ് ബിന്ദുമോഹൻ എന്നിവർ പ്രസംഗിച്ചു. ശാഖ പ്രസിഡന്റ് വി.എം. പ്രദീപ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. രജനി സന്തോഷ് സ്വാഗതവും സ്നേഹവീടിന്റെ ഗുണഭോക്താവ് സൂര്യ വിജയൻ നന്ദിയും പറഞ്ഞു.