കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓഫിസ് ജീവനക്കാർ 28ന് ദേശ വ്യാപകമായി പണിമുടക്കും. അശാസ്ത്രീയമായ കേഡർ റീ സ്ട്രക്ചറിങ് നടപ്പാക്കിയതിലൂടെ ബി, സി, ഡി ഗ്രൂപ്പ് ജീവനക്കാരുടെ എണ്ണം ക്രമാതീതമായി വെട്ടിക്കുറച്ചെന്നും പ്രമോഷൻ സാദ്ധ്യത വിരളമായെന്നും കുറ്റപ്പെടുത്തി ഓൾ ഇന്ത്യ ഇ.പി.എഫ് സ്റ്റാഫ് ഫെഡറേഷൻ നേതൃത്വത്തിലാണ് സമരം. ഇ.പി.എഫ് ഗുണഭോക്താക്കളായ കോടിക്കണക്കിന് തൊഴിലാളികൾക്ക് സമയബന്ധിതമായി സേവനം നൽകുന്നതിനു വിഘാതമാണ് മാനേജ്‌മെന്റ് നിലപാടെന്ന് ഫെഡറേഷൻ കുറ്റപ്പെടുത്തി. സമരപരിപാടികളുടെ ഭാഗമായി ഒരാഴ്ചയായി ഉച്ചസമയത്ത് പ്രതിഷേധ പ്രകടനം നടത്തിവരികയാണ്. സമരാഹ്വാന കൺവെൻഷൻ നാളെ കൊല്ലം സുദർശൻ ഹാളിൽ ഓൾ ഇന്ത്യ ഇ.പി.എഫ് സ്റ്റാഫ് ഫെഡറേഷൻ പ്രസിഡന്റ് എൻ.കെ പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്യും.