പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വച്ച് വീട്ടമ്മയുടെ പഴ്‌സ് കവർന്ന യുവതി പിടിയിൽ. സി.സി.ടി.വി.ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടന്ന അന്വേഷണത്തിൽ പുഞ്ചവയൽ സ്വദേശിനിയായ യുവതിയാണ് പൊൻകുന്നം പൊലീസിന്റെ കസ്റ്റഡിയിലായത്.
ഇന്നലെ ഒ.പി.വിഭാഗത്തിന് മുൻപിൽ പേരക്കുട്ടിയുമായി ഇരുന്ന വീട്ടമ്മയുടെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. ബഞ്ചിൽ പ്ലാസ്റ്റിക് കൂടിനുള്ളിൽ സൂക്ഷിച്ചിരുന്നതാണിത്. പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതിപ്പെട്ടപ്പോൾ ആശുപത്രി അധികാരികളും പൊലീസും ചേർന്ന് സി.സി.ടി.വി.ദൃശ്യം പരിശോധിച്ചു. യുവതി പ്ലാസ്റ്റിക് കൂട് ഷാൾ കൊണ്ടുമൂടിയതിനു ശേഷം പഴ്‌സ് അതിൽ നിന്നെടുത്ത് മാറ്റുന്നതായി ദൃശ്യങ്ങളിലുണ്ടായിരുന്നു.
പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ പുഞ്ചവയൽ സ്വദേശിനിയായ യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ പക്കൽ നിന്ന് രണ്ട് പേഴ്‌സുകൾ കണ്ടെത്തി. കൂടുതൽ അന്വേഷണം നടക്കുന്നതേയുള്ളൂ. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.