തലയോലപ്പറമ്പ് :മൂവാറ്റുപുഴയാറിന്റെ വിവിധ ഭാഗങ്ങിൽ രാത്രിയുടെ മറവിൽ മാലിന്യം തള്ളൽ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം വടയാർ പടിഞ്ഞാറെക്കര പാലത്തിന് മുകളിൽ നിന്നും ലോഡുകണക്കിന് ബേക്കറി മാലിന്യം ലോറിയിൽ കൊണ്ടുവന്ന് പുഴയിലും പരിസരത്തും നിക്ഷേപിച്ചത്. മാലിന്യത്തിൽ നിന്നും വമിക്കുന്ന ദുർഗന്ധം മൂലം പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ടാണ് ഉളവാക്കുന്നത്. പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു. മാലിന്യം കുഴിച്ചുമൂടാൻ പഞ്ചായത്ത് ,ആരോഗ്യ വകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്. ലോറിയിൽ കൊണ്ടുവന്ന് മാലിന്യം തള്ളുന്ന സംഭവം മുമ്പും നിരവധി തവണ ഉണ്ടായിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതർ നടപടി എടുക്കാത്തതാണ് മാലിന്യം തള്ളുന്നത് വ്യാപകമാകാൻ കാരണമെന്ന് ആക്ഷേപം ഉണ്ട്.നിരീക്ഷണ ക്യാമറ സ്ഥാപിച്ച് ഇത്തരം മാലിന്യം തള്ളൽ തടയാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെട്ടിക്കാട്ടുമുക്ക്, പൊട്ടർ ചിറ, എഴുമാന്തുരുത്ത്, പൂത്തോട്ട തുടങ്ങിയ പാലങ്ങളിലും പരിസര പ്രദേശങ്ങളിലും, പാടശേഖരങ്ങളിലും ഉൾപ്രദേശത്തെ വിജനമായ ഇടങ്ങളിലും മാലിന്യം വാഹനങ്ങളിൽ കൊണ്ട് നക്ഷേപിക്കുന്നത് നിത്യസംഭവമാണ്. രാത്രി കാലങ്ങളിൽ ഇവിടങ്ങളിൽ പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.