കോട്ടയം: വീട്ടുവളപ്പിലെ പച്ചക്കറി വിപ്ലവത്തിന് പിന്നാലെ, ശുദ്ധമായ കറിപ്പൊടികളും മറ്റും തയ്യാറാക്കി 'കലർപ്പില്ലാത്ത ഓണ"ത്തിനുള്ള ഒരുക്കത്തിലാണ് ജില്ല. മസാലകളും എണ്ണയും സ്വന്തമായുണ്ടാക്കി ഓണം ഗംഭീരമാക്കാം. കുടുംബശ്രീ അടക്കം ചെറുകിട വ്യവസായ യൂണിറ്റുകളിൽ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഭക്ഷണവുമായി ബന്ധപ്പെട്ടവയാണ്. ചക്കിലാട്ടിയ എണ്ണ, വിവിധയിനം കറിപ്പൊടികൾ, ധാന്യപ്പൊടികൾ, ചിപ്‌സ് , പലഹാരങ്ങൾ അങ്ങനെ നീളുന്നു പട്ടിക. ഏറ്റവും ഗുണമേന്മയുള്ള പൊടികളാണ് ചെറുകിട സംരംഭങ്ങളിൽ ഉദ്പാദിപ്പിക്കുന്നത്. പരമ്പരാഗത രീതിയിൽ ഉണ്ടാക്കുന്ന വിഭവങ്ങൾ ഓണം മേളകളിൽ വിളമ്പും.
മുളക്, മല്ലി, ജീരകം, ഉലുവ, കുരുമുളക് തുടങ്ങി അടുക്കളയിലേക്കു വേണ്ട എല്ലാ കറിപ്പൊടികളും ശുദ്ധമായി തയാറാക്കി വിൽപന നടത്താൻ ചെറുകിട സംരംഭകർക്കൊപ്പം കുടുംബശ്രീ യൂണിറ്റുകളും സജീവം. പച്ചമഞ്ഞൾ പുഴുങ്ങി ഉണക്കി പൊടിച്ചെടുക്കുകയായിരുന്നു പഴയ രീതി. കോയമ്പത്തൂർ, ബെംഗളുരു എന്നിവിടങ്ങളിൽ ഉണങ്ങിയ മഞ്ഞൾ വാങ്ങി പൊടിച്ചെടുക്കുകയാണിപ്പോൾ. പുട്ടുപൊടികൾ, അരിപ്പൊടി വറുത്തതും വറുക്കാത്തതും, പഞ്ഞപ്പുല്ല് പൊടി, കടലമാവ് പൊടി, ഗോതമ്പ് പൊടി എന്നിവയും സൂചി ഗോതമ്പ് നുറുക്കിയതും കിട്ടും. ഓണം പ്രമാണിച്ച് കുടുംബശ്രീയും ഐ.ആർ.ഡി.പിയും ഒരുക്കുന്ന വിപണന മേളകൾക്കുള്ള തയാറെടുപ്പിലാണ് ജില്ലയിലെ യൂണിറ്റുകൾ.
മുളകുപൊടി
മുളകുപൊടിയുണ്ടാക്കാൻ കേടില്ലാത്ത ചുവന്ന മുളകാണ് വേണ്ടത്. ആവശ്യത്തിന് മുളക് കഴുകിയെടുത്ത് നന്നായി ഉണക്കുക. വെള്ളം തീരെയില്ലെന്ന് ഉറപ്പാക്കി ഞെട്ട് കളഞ്ഞ് മുറിച്ചിടുക. ജലാംശമില്ലാത്ത ജാറിലിട്ട് മിക്‌സിയിൽ പൊടിച്ചെടുക്കാം. മല്ലിയും ഇതു പോലെ പൊടിച്ചെടുക്കാം.
മഞ്ഞൾ പൊടി
പച്ചമഞ്ഞൾ ഉണക്കി പൊടിച്ച് മഞ്ഞൾപ്പൊടിയുണ്ടാക്കാം. മഞ്ഞൾ കലത്തിൽ പുഴുങ്ങിയെടുത്ത് വെയിലത്തുവച്ചു വേണം ഉണക്കാൻ. വെള്ളമില്ലാതെ തുടച്ചെടുത്ത മിക്‌സിയിലും പൊടിച്ചെടുക്കാം.
സാമ്പാർ പൊടി
നൂറു ഗ്രാം വീതം ഉണക്കമുളകും മല്ലിയും മൂന്നു ടേബിൾ സ്പൂൺ കടലപ്പരിപ്പും തുവരപ്പരിപ്പും ഉഴുന്നും എടുക്കുക. ഒരു സ്പൂൺ ഉലുവ, അര സ്പൂൺ മഞ്ഞൾപ്പൊടി, ചെറിയ രണ്ടു കഷണം കായം, ഒരു സ്പൂൺ ജീരകം, മൂന്നോ നാലോ തണ്ട് കറിവേപ്പില എന്നിവയുമെടുക്കുക. തീരെ വെള്ളമില്ലാതെ ചട്ടിയിൽ ഓരോന്നായി വറുത്തെടുത്ത ശേഷം മിക്‌സിയിൽ എല്ലാം ചേർത്തു തീരെ തരിയില്ലാതെ പൊടിച്ചെടുക്കുക.
മായമില്ലാ വെളിച്ചെണ്ണ
6 തേങ്ങ നന്നായി ചിരകി പാലെടുത്ത ശേഷം ഓട്ടുരുളിയിലേക്ക് ഒഴിക്കുക. നന്നായി ഇളക്കി തവിട്ടുനിറമാവുന്നതു വ
രെ കുറുക്കിയെടുക്കുക. എണ്ണ വേർതിരിഞ്ഞു വന്നാൽ കഴുകിയുണക്കിയ തോർത്തിൽ വെളിച്ചെണ്ണ അരിച്ചെടുക്കാം.
കുടുംബശ്രീയിൽ രജിസ്റ്റർ
ചെയ്തിട്ടുള്ള യൂണിറ്റുകൾ
കറിപ്പൊടികൾ -82
ചിപ്സ് -27
പിക്കിൾസ്- 27