ചങ്ങനാശേരി : കുണ്ടും കുഴികളും മാലിന്യമലയും താണ്ടി ഇനിയും എത്രനാൾ ഇവിടെയെത്തണം? ചങ്ങനാശേരി നഗരമദ്ധ്യത്തിലെ സ്റ്റാൻഡുകളിൽ എത്തുന്ന യാത്രക്കാർ ഈ ചോദ്യം സ്വയം ചോദിക്കുകയാണ്. പെരുന്ന ഒന്നാം നമ്പർ വാഴൂർ സ്റ്റാൻഡ്, പെരുന്ന രണ്ടാം നമ്പർ സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നിവയാണ് അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നത്.
ട്രാൻ.സ്റ്റാൻഡ്
വർഷങ്ങൾ പഴക്കമുള്ള ട്രാൻ.സ്റ്റാൻഡ് ഏത് നിമിഷവും നിലംപതിക്കാവുന്ന നിലയിലാണ്. പ്രവേശനകവാടത്തിൽ യാത്രക്കാരെ സ്വീകരിക്കുന്നത് വൻകുഴികളാണ്. ഇടിഞ്ഞുവീഴാറായ കെട്ടിടത്തിൽ ഭീതിയോടെയാണ് പലരും ബസ് കാത്തുനിൽക്കുന്നത്. കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നത് നിത്യസംഭവമാണ്. വാഹനങ്ങൾ കഴുകുന്ന വെള്ളവും മഴപെയ്താൽ ഉണ്ടാകുന്ന വെള്ളക്കെട്ടുമാണ് സ്റ്റാൻഡിൽ കുഴി രൂപപ്പെടാൻ കാരണം. ബസുകളുടെ പാർക്കിംഗ് സ്ഥലത്ത് മാലിന്യക്കൂമ്പാരമാണ്. ചീഞ്ഞളിഞ്ഞ മാലിന്യത്തിൽ നിന്ന് രൂക്ഷമായ ദുർഗന്ധമാണുയരുന്നത്.
വാഴൂർ ഒന്നാം നമ്പർ സ്റ്റാൻഡ്
ചങ്ങനാശേരി ഒന്നാംനമ്പർ വാഴൂർ ബസ് സ്റ്റാൻഡിന് സമീപം മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള മലിന ജലം സ്റ്റാൻഡിലൂടെ ഒഴുകുകയാണ്. ഇത് ചവിട്ടി വേണം ബസ് കയറാൻ. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ താവളമാണ് സ്റ്റാൻഡ്. സന്നദ്ധസംഘടനകൾ നൽകിയ ഇരിപ്പിടങ്ങൾ പലതും തകർത്ത നിലയിലാണ്. കൂടുതൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
പെരുന്ന രണ്ടാം നമ്പർ സ്റ്റാൻഡ്
പെരുന്ന സ്റ്റാൻഡിൽ എത്തുന്നവരെ കാത്തിരിക്കുന്നത് തുരുമ്പെടുത്തതും ഇളകിയതുമായ കസേരകളാണ്. ഉപയോഗശൂന്യമായി കൂട്ടിയിട്ടിരിക്കുന്ന കസേരകളുമുണ്ട്. ബസുകൾ കയറിയിറങ്ങുന്ന ഭാഗത്തെ കോൺക്രീറ്റ് തകർന്നത് ബസ് ജീവനക്കാർ ഉൾപ്പെടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഒന്നരമാസമായി മാലിന്യവും നീക്കം ചെയ്യുന്നില്ല. മാലിന്യങ്ങൾ കൂടിക്കിടക്കുന്നതിനാൽ കംഫർട്ട് സ്റ്റേഷനിലേക്ക് ആരും വരാതായി.
''
നഗരസഭയുടെ മാലിന്യം ശേഖരിക്കുന്ന വാഹനത്തിന് തകരാർ സംഭവിച്ചതിനാലാണ് മാലിന്യങ്ങൾ നീക്കം ചെയ്യാൻ വൈകുന്നത്. എല്ലാ ദിവസവും നഗരസഭ ശുചീകരണ ജീവനക്കാർ മാലിന്യങ്ങൾ നീക്കം ചെയ്യുന്നുണ്ട്. സ്റ്റാൻഡിനുള്ളിലെ തുരുമ്പെടുത്ത ഇരിപ്പിടങ്ങൾ മാറ്റി പുതിയത് ഉടൻ സ്ഥാപിക്കും.
സജി തോമസ് പറഞ്ഞു (ആരോഗ്യവിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ)