sobhayatra

വൈക്കം : അമ്പാടിക്കണ്ണനായി, നവനീത ചോരനായി, ഗോപാലബാലനായി കാർവർണ്ണൻമാർ... അനുഗമിച്ച് ഗോപികമാർ, അകമ്പടിയായി അമ്മമാരും വിശ്വാസി സമൂഹവും... ക്ഷേത്രനഗരിയെ മധുരാ പുരിയാക്കി മഹാശോഭായാത്ര. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി ഇന്നലെ നഗരത്തിൽ നടന്ന ശോഭയാത്രയിൽ അമ്പാടിക്കണ്ണന്റെയും ഗോപികമാരുടെയും വേഷമണിഞ്ഞ നൂറുകണക്കിന് ബാലികാ ബാലന്മാരും അവരുടെ രക്ഷിതാക്കളും നിരവധി ഭക്തജനങ്ങളും പങ്കെടുത്തു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മിതമായ വാദ്യമേളങ്ങൾ ഒഴികെ ആർഭാടങ്ങൾ ഒഴിവാക്കി നാമസങ്കീർത്തന യാത്രയായാണ് ശ്രീകൃഷ്ണജയന്തി കൊണ്ടാടിയത്. നഗരത്തിൽ ഗംഗ, യമുന, സരസ്വതി, ഗോദാവരി, സിന്ധു, കാവേരി, നർമ്മദ എന്നിങ്ങനെ വിവിധ മേഖലകൾ തിരിച്ചെത്തിയ നാമസങ്കീർത്തന യാത്രകൾ വലിയ കവലയിൽ സംഗമിച്ച് മഹായാത്രയായി മാറുകയായിരുന്നു. ചീരംകുന്നുംപുറം പാർത്ഥസാരഥി ക്ഷേത്രം, കല്പകശ്ശേരി, അയ്യർകുളങ്ങര, ഉദയനാപുരം, പോളശ്ശേരി, വടക്കേനട അയ്യപ്പക്ഷേത്രം, ചാലപ്പറമ്പ്, കാളിയമ്മനട ക്ഷേത്രം, കാര മാക്കിനേഴം ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള നാമസങ്കീർത്തനയാത്രകൾ വലിയകവലയിൽ സംഗമിച്ചു. ഗായിക വൈക്കം വിജയലക്ഷ്മി ഭദ്രദീപ പ്രകാശനം നടത്തി. തുടർന്ന് കൊച്ചുകവല, ബസ് സ്റ്റാന്റ്, കച്ചേരിക്കവല, പടിഞ്ഞാറെ നട വഴി മഹാദേവക്ഷേത്രത്തിൽ എത്തി സമാപിച്ചു.