കറുകച്ചാൽ : കാടുകയറി നടപ്പാതകൾ നശിക്കുന്നു. പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതെ അധികൃതർ. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കറുകച്ചാൽ ടൗണിലെ നടപ്പാതകളാണ് കാടുകയറിയും കൈയ്യേറ്രം മൂലവും നശിക്കുന്നത്. കാടും പടർപ്പും വളർന്നതോടെ കാൽനടക്കാർ വഴിമാറിപോകേണ്ട ഗതികേടിലാണ്. യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതാണ് ലക്ഷങ്ങൾ മുടക്കി നിർമിച്ച നടപ്പാതകൾ ഇങ്ങനെ ഉപയോഗശൂന്യമാകാൻ കാരണം.
കറുകച്ചാൽ കവലയിൽ ടാക്സി സ്റ്റാൻഡിന് എതിർ വശത്തെ നടപ്പാത പൂർണമായും കാടുപിടിച്ച നിലയിലാണ്. കാടും പടർപ്പും കയറിയതോടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. സമീപത്തെ സംരക്ഷണഭിത്തി ഇടിഞ്ഞു നടപ്പാതയിലേയ്ക്ക് വീണുകിടപ്പുണ്ട്. സൂചനാബോർഡ് ഉൾപ്പെടെ കാട് മൂടിയ നിലയിലാണ്. അതുകൊണ്ടുതന്നെ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ റോഡിലിറങ്ങിയാണ് നടക്കുന്നത്. ഈ ഭാഗത്തു വാഹന പാർക്കിംഗ് കൂടുതലായതിനാൽ ഇതിനും പലപ്പോവും കഴിയാത്ത സ്ഥിതിയാണുള്ളത്. നടപ്പാത കയ്യേറി കോൺക്രീറ്റ് ചെയ്താണ് പലരും പരസ്യ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതും നടപ്പാതയുടെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്.
പ്രധാനറോഡുകളുടെ ഇരുവശങ്ങളിലുമായി ഓടയും അതിനു മുകളിൽ ഇന്റർലോക്ക് ടൈലുകൾ പാകിയുമാണ് നടപ്പാത നിർമ്മിച്ചിരിക്കുന്നത്. ഇതിൽ പലയിടങ്ങളിലും ടൈലുകൾ പൊളിഞ്ഞ് ഇളകിയിട്ടുണ്ട്. ഇതിൽ യാത്രക്കാർ തെന്നിവീഴുന്നതും പതിവാണ്. കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് ഇവിടത്തെയും പ്രധാന പ്രശ്നം. നടപ്പാത കയ്യേറിയുള്ള വഴിയോര കച്ചവടവും ശല്യമാകാറുണ്ട്. നടപ്പാത കയ്യേറ്റങ്ങൾ ഒഴിവാക്കുകയും കാടും പടർപ്പും വെട്ടി വൃത്തിയാക്കാനും അധികൃതർ നടപടി സ്വീകരിക്കണമെന്നതാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.