ചങ്ങനാശേരി: മഴയും വെയിലും ഏറെയുള്ള കേരളത്തിൽ ബൈക്ക് യാത്രക്കാർക്ക് അഭയമായി സർവ സംവിധാനങ്ങളോടെ ഒരു 'പാർക്ക്'. ഷെഡിലേക്ക് ബൈക്ക് ഓടിച്ചുകയറ്റാൻ പാകത്തിലാണ് നിർമ്മാണം. എട്ട്, പത്ത് ബൈക്കുകൾക്ക് ഒരേ സമയം വെയിലും മഴയുമേൽക്കാതെ ഇവിടെ 'സുരക്ഷിതമായി വിശ്രമിക്കാം'.

ആധുനിക യുഗത്തിൽ ബൈക്കുകൾക്ക് പാർക്ക് ചെയ്യാൻ സർക്കാർ നിർമ്മിച്ചതാണ് ഈ സംവിധാനമെന്ന് കരുതേണ്ട. ഇത് ബസ് യാത്രക്കാർക്ക് വിശ്രമിക്കാനുള്ള കാത്തിരിപ്പുകേന്ദ്രമാണ്. ഇവിടെ ബസ് നിർത്താതായതോടെ ജനം അവിടെ നിന്ന് ഒഴിഞ്ഞുമാറി. ചേക്കേറിയതോ, തൊട്ടടുത്ത ബാങ്ക് കെട്ടിടത്തിന്റെ വരാന്തയിലും.

കറുകച്ചാലിനു സമീപം നെടുങ്കുന്നം കാവുനടയിലാണ് ബസ് കാത്തിരിപ്പുകേന്ദ്രം രൂപമാറ്റം വരുത്തി ബൈക്ക് വിശ്രമകേന്ദ്രമാക്കിയിരിക്കുന്നത്. ടൗണിന്റെ ഹൃദയഭാഗത്ത് ഗീതാജ്ഞലി ഓഡിറ്റോറിയത്തിനു എതിർ വശത്തായാണ് ഈ ഷെഡ്. കറുകച്ചാൽ ഭാഗത്തേക്കുള്ള ബസ് യാത്രികൾക്ക് വിശ്രമിക്കാനായാണ് ഈ ഷെഡ് നിർമ്മിച്ചത്. പക്ഷേ, ഇപ്പോൾ ബസ് കാത്തിരിപ്പുകാർ ഇവിടെനിന്ന് പുറത്തായിരിക്കുകയാണ്. എസ്.ബി.ഐ ബാങ്കിന്റെ വരാന്തയിലും മറ്റുമാണ് ഇപ്പോൾ ബസ് കാത്തിരിപ്പുകാർ നില്ക്കുന്നത്. ഇത് പലപ്പോഴും ബാങ്കിലെത്തുന്ന ഇടപാടുകാർക്കും ബാങ്ക് അധികൃതർക്കും തലവേദനയാണ്.

ബൈക്ക് യാത്രികരെയോ കാത്തിരിപ്പുകാരെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ബസ് യാത്രക്കാർക്കായിട്ടാണ് വിശ്രമസ്ഥലം ഒരുക്കിയിരുന്നതെങ്കിലും ബസ് നിർത്തുന്നത് 50 മീറ്റർ പിറകോട്ട് മാറിയാണ്. അതായത് എസ്.ബി.ഐയുടെ മുമ്പിൽ. പിന്നെ, എങ്ങനെ യാത്രക്കാർ കാത്തിരിപ്പുകേന്ദ്രത്തിൽ ആളുകൾ ബസ് കാത്ത് നില്ക്കും. സ്വാഭാവികമായും അവർ ബസ് നിർത്തുന്ന സ്ഥലത്തേക്ക് മാറി നിൽക്കും. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. വെറുതെകിടക്കുന്ന ഷെഡിൽ ബൈക്ക് യാത്രികൾ വാഹനം കയറ്റിവയ്ക്കുന്നു. അടുത്തുള്ള ചില കടക്കാരും സ്ഥിരമായി ഇവിടെ വാഹനം പാർക്കുചെയ്യുന്നതായാണ് അറിയുന്നത്.

ബാങ്കിലേക്കു വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ബസ് നിർത്തുന്നതും ഒരേസ്ഥലത്താണ്. അതിനാൽ ഗതാഗതക്കുരുക്ക് ഇവിടെ നിത്യമാണ്. പ്രത്യേകിച്ച് രാവിലെ പത്തു മുതൽ പന്ത്രണ്ട് വരെ. ഈ സമയത്താണ് ബാങ്ക് ഇടപാടുകൾക്കായി ആളുകൾ കാറിലും മറ്റും എത്തുന്നത്. സ്വാഭാവികമായി കാർ ബാങ്കിനു മുമ്പിൽ നിർത്തിയിട്ട് അവർ ബാങ്കിനുള്ളിലേക്ക് കയറും. ചുരുക്കത്തിൽ അര മണിക്കൂറോളം കാർ അവിടെതന്നെ കിടക്കും. ഇതുപോലെ എത്ര കാറുകളാണ് ഇവിടെ എത്തുക. ഇതിന്റെ കൂടെ സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും ആളെ കയറ്റിയിറക്കാൻ ഇവിടെ നിർത്തുന്നതോടെ ട്രാഫിക് ബ്ലോക്ക് നിത്യസംഭവമാണ്.

ഇപ്പോൾ ബൈക്ക്ഷെഡായി മാറിയിരിക്കുന്ന സ്ഥലം വെടിപ്പാക്കി ജനങ്ങൾക്ക് ഇരിക്കാൻ പറ്റുന്ന തരത്തിൽ പുനർനിർമ്മിച്ചും കാത്തിരിപ്പുകേന്ദ്രത്തിനു മുമ്പിൽ തന്നെ ബസ് നിർത്തുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.