പാലാ : മീനച്ചിൽ താലൂക്കിലുണ്ടായ പ്രളയ ദുരിതത്തിൽപ്പെട്ട് ക്യാമ്പുകളിൽ കഴിഞ്ഞ 246 കുടുംബങ്ങൾക്കുള്ള അവശ്യ സാധനങ്ങളുടെ കിറ്റ് പാലാ താലൂക്ക് ഓഫീസിൽ തയ്യാറായി. താലൂക്കിലെ 11 ക്യാമ്പുകളിൽ കഴിഞ്ഞ കുടുംബങ്ങൾക്കാണ് അതാത് വില്ലേജുകളിൽ ഇന്നലെ വൈകുന്നേരത്തോടെ കിറ്റ് എത്തിയത്. യഥാക്രമം പുലിയന്നൂർ, കിടങ്ങൂർ, മീനച്ചിൽ, വെള്ളിലാപ്പള്ളി, കൊണ്ടൂർ, തലനാട് എന്നീ വില്ലേജുകളിലെ ക്യാമ്പുകളിൽ കഴിഞ്ഞ കുടുംബങ്ങൾക്കാണ് തഹസിൽദാർ വി.എം.അഷ്‌റഫും നൂറോളം ജീവനക്കാരും ചേർന്നാണ് കിറ്റുകൾ തയ്യാറാക്കിയത്. അരി, ആട്ട, പഞ്ചസാര, പരിപ്പ്, ചെറുപയർ, മുളകുപൊടി, ചായപ്പൊടി മുതലായ നിത്യോപയോഗ സാധനങ്ങളാണ് കിറ്റിൽ അടങ്ങിയിരിക്കുന്നത്.