വൈക്കം: അഷ്ടമിരോഹിണിയോടനുബന്ധിച്ച് മൂത്തേടത്ത്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് പാൽക്കുടം എഴുന്നള്ളിച്ചു. മൂത്തേടത്തുകാവ് ക്ഷേത്രത്തിന്റെ കീഴേടമാണ് പയറുകാട് ക്ഷേത്രം. അഷ്ടമിരോഹിണി ഉത്സവത്തിൽ ഇരു ക്ഷേത്രങ്ങളും ബന്ധപ്പെട്ട് നടത്തുന്ന പരമ്പരാഗത ആചാരമാണ് പാൽക്കുടം എഴുന്നള്ളിപ്പ്. മൂത്തേടത്തുകാവ് ക്ഷേത്രത്തിൽ പൂജ നടത്തി കുംഭങ്ങളിൽ പാൽനിറച്ച ശേഷം പയറുകാട് ക്ഷേത്രത്തിലേക്ക് ചെണ്ടമേളത്തോടെ പാൽക്കുടം എഴുന്നള്ളിപ്പ് പുറപ്പെട്ടു. പയറുകാട് ക്ഷേത്രകവാടത്തിൽ ഊരാഴ്മക്കാരായ ആനത്താനത്തില്ലത്ത് വാസുദേവൻ നമ്പൂതിരി, ആനത്താനത്തില്ലത്ത് ഗോവിന്ദൻ നമ്പൂതിരി എന്നിവർ എഴുന്നള്ളിപ്പിന് വരവേൽപ്പ് നൽകി. എറാഞ്ചേരി കൃഷ്ണൻ നമ്പൂതിരി, എറാഞ്ചേരി രാമൻ നമ്പൂതിരി എന്നിവർ കാർമ്മികരായി. ക്ഷേത്രഭാരവാഹികളായ പി. അരുൺ ഇളംതുരുത്തിച്ചിറ, രാജേഷ് മൂത്തേടത്ത്കാവ്, സ്‌നേഹ സുബ്രഹ്മണ്യൻ, അനുരാഗ്, രജീഷ് വള്ളോക്കരി എന്നിവർ നേതൃത്വം നൽകി.