പാലാ : ശ്രീകൃഷ്ണ സ്മരണകളുണർത്തി നാടെങ്ങും ശോഭായാത്രകൾ. ഉണ്ണിക്കണ്ണന്മാരും ഗോപികമാരും വീഥികൾ കൈയടക്കിയതോടെ നാടും നഗരവും അമ്പാടിയായി മാറി. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ വിവിധയിടങ്ങളിൽ നടക്കുന്ന ശോഭായാത്രകളിലാണ് ശ്രീകൃഷ്ണ ലീലകൾ അനുസ്മരിപ്പിക്കുന്ന വർണ്ണാഭമായ ശോഭായാത്രകൾ നടന്നത്. മീനച്ചിൽ, രാമപുരം ഖണ്ഡുകളിലായി അമ്പതോളം ശോഭായാത്രകളും പത്തോളം മഹാശോഭായാത്രയും നടന്നു. ശ്രീകൃഷ്ണന്റെയും ഗോപികമാരുടെയും വേഷം കെട്ടിയ ബാലികാ-ബാലന്മാർ, നിശ്ചല ദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, ഭജന സംഘങ്ങൾ, ഗോപിക നൃത്തസംഘങ്ങൾ എന്നിവ ശോഭായാത്രകൾക്ക് മാറ്റുകൂട്ടി. വിവിധ കേന്ദ്രങ്ങളിൽ ഉറിയടി, പ്രസാദ വിതരണം എന്നിവയും നടന്നു. കൂടപ്പുലം ക്ഷേത്രം,രാമപുരം അമ്പലം,പള്ളിയാമ്പുറം മഹാദേവ ക്ഷേത്രം,മേതിരി, ഏഴാച്ചേരി കാവിൻപുറം, കൊല്ലപ്പിള്ളി,എഴാച്ചേരി,മൂന്നുതേക്ക് കവല, നീലൂർ ക്ഷേത്രം,കിഴതിരി, കുറിഞ്ഞി ക്ഷേത്രം,നെല്ലാപ്പാറ,വാക്കപ്പുലം,മേവട പുറയ്ക്കാട്ട് കാവ്,മനക്കുന്ന്,ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,കീഴമ്പാറ, ഇടമറ്റം,ചൂണ്ടച്ചേരി കരയോഗം, വേഴാങ്ങാനം,അളനാട് ശ്രീകൃഷ്ണസ്വാമിക്ഷേതം,പുളിക്കാട് ദേവിക്ഷേത്രം,മീനച്ചിൽ വടക്കേക്കാവ്,വലിയകുന്ന്, വിളക്കുമാടം,പുവരണി മഹാദേവ ക്ഷേത്രം, തെക്കുംമുറി,അരുണാപുരം, പുലിയന്നൂർ മഹാദേവക്ഷേത്രം,വെള്ളിയേപ്പള്ളി, മുത്തോലിക്കടവ്,പാറപ്പള്ളി, ഇടയാറ്റ് ഗണപതി ക്ഷേത്രം,മരിക്കുംപ്പുഴ ദേവീക്ഷേത്രം,കടപ്പാട്ടൂർ മഹാദേവക്ഷേത്രം, ചെത്തിമറ്റം പുതിയകാവ്,വെള്ളാപ്പാട്,നെച്ചിപ്പുഴൂർ, പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രം,ഇടനാട്,വള്ളിച്ചിറ,കുടക്കച്ചിറ എന്നിവിടങ്ങളിൽ നിന്ന് ശോഭായാത്രകൾ നടന്നു.

ഭരണങ്ങാനം: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിവിധ പരിപാടികളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.വൈകിട്ട് 6ന് ഭരണങ്ങാനത്ത് ശോഭായാത്രകളുടെ സംഗമം സ്വീകരണം, അഷ്ടമി രോഹിണി പൂജ എന്നിവയും നടന്നു.

അളനാട്: ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ പുലികാട്ട് ദേവീക്ഷേത്രത്തിൽ നിന്ന് ശോഭായാത്രയും ക്ഷേത്രത്തിൽ നടന്നുവരുന്ന ഭാഗവത സപ്താഹത്തിന്റെ ഭാഗമായി രുഗ്മിണിസ്വയംവര ഘോഷയാത്രയും സംയുക്തമായി ക്ഷേത്രത്തിലേയ്ക്ക് നടന്നു.