കുമരകം : മീൻ പിടിക്കാൻ പോയ വയോധികൻ താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്‌.ഐ രംഗത്ത്. സി.പിഎം ജില്ലാ സെക്രട്ടറി വി.എൻ വാസവന്റെ നിർദ്ദേശാനുസരണം മന്ത്രി എം.എം മണിയ്ക്ക് ഡി.വൈ.എഫ്‌.ഐ പരാതി നൽകി. കഴിഞ്ഞ ദിവസം പാറേക്കാട് പാടശേഖരത്തിൽ വള്ളത്തിൽ മീൻ പിടിക്കുന്നതിനിടെയാണ് കുമരകം ആറ്റുപുറത്ത് രഘുവരൻ ഷോക്കേറ്റ് മരിച്ചത്. വൈദ്യുതിലൈൻ താഴ്ന്ന് കിടക്കുന്നതായും അപകടത്തിന് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി മാസങ്ങൾക്ക് മുമ്പ് പാടശേഖരസമിതി കെ.എസ്.ഇബി അധികൃതർക്ക് പരാതി നൽകിയിരുന്നു. പോസ്റ്റ് മാറ്റി സ്ഥാപിച്ച് വേണം വൈദ്യുതിലൈൻ താഴ്ന്ന് കിടക്കുന്നത് പരിഹരിക്കാനെന്നായിരുന്നു കെ.എസ്.ഇബിയുടെ വാദം. തുടർന്ന് 15623 രൂപ അടച്ചു രണ്ടുമാസം കഴിഞ്ഞിട്ടും പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ തയ്യാറായില്ല.