പാലാ : റബർ മേഖലയിലെ ലാറ്റക്‌സ് ഫാക്ടറികളടക്കമുള്ള എല്ലാ സംസ്‌ക്കരണ ഫാക്ടറികളും തുറന്നു പ്രവർത്തിപ്പിക്കാനുള്ള അടിയന്തിര ഇടപെടൽ സംസ്ഥാന സർക്കാർ നടത്തണമെന്ന് ജോസ്.കെ.മാണി എം.പി. ആവശ്യപ്പെട്ടു. കേരളത്തിലെ രണ്ടാമത്തെ വലിയ കാർഷിക വിളയാണ് റബർ. 5.51 ലക്ഷം ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്ന റബർ കൃഷിയിൽ നിന്നും കഴിഞ്ഞ വർഷം 5.41 ലക്ഷം ടൺ റബറാണ് കേരളത്തിലെ കർഷകർ ഉത്പാദിപ്പിച്ചത്. റബറിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനും ലാറ്റക്‌സ് പോലുള്ള സംസ്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി സ്ഥാപിച്ച നിരവധി ഫാക്ടറികൾ പൂട്ടിക്കിടക്കുന്ന നിലയിലാണ്. റബർ വ്യാപാരം നടത്തി കൂടുതൽ തുക കർഷകർക്ക് നൽകാനായി സ്ഥാപിച്ച മാർക്കറ്റിംഗ് സംഘങ്ങളുടേയും സ്ഥിതി ദയനീയമാണ്. ഈ സ്ഥാപനങ്ങളിൽ മിക്കതും പൂട്ടിപ്പോയതിനാൽ ലാറ്റക്‌സ് അടക്കമുള്ള ഉത്പന്നങ്ങൾക്ക് മതിയായ വില കർഷകർക്ക് ലഭിക്കുന്നില്ല. ബാദ്ധ്യതകൾ കുറച്ച് സഹകരണ ബാങ്കുകളിൽ നിന്ന് മതിയായ ഈടിന്മേൽ പ്രവർത്തന മൂലധനം കണ്ടെത്തി പരമാവധി ഫാക്ടറികൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള ഇടപെടലാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.