കോട്ടയം: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ ഇന്നലെ നടന്ന മഹാശോഭായാത്രയിൽ കൃഷ്ണനും കുചേലനും ഗോപികമാരുമുൾപ്പെടെ നൂറുകണക്കിന് പുണ്യപുരാണ കഥാപാത്രങ്ങൾ അണിനിരന്നു. വൈകിട്ട് 5 മുതൽ സെൻട്രൽ ജംഗ്ഷനിൽ കുഞ്ഞുകൃഷ്ണന്മാരുടെ ലീലാവിലാസങ്ങൾ കാണാൻ നിരവധിയാളുകൾ തടിച്ചുകൂടി. 6 മണിയോടെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ചെറുയാത്രകൾ സെൻട്രൽ ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി തിരുനക്കര ക്ഷേത്രമൈതാനത്തേക്ക് നീങ്ങി. നിരത്തിൽ ഓടിക്കളിക്കുന്ന കണ്ണന്മാർക്കും ഗോപികമാർക്കും പുറമെ മഹാഭാരതം പശ്ചാത്തലമാക്കിയുള്ള നിശ്ചലദൃശ്യങ്ങളും താളമേളങ്ങളും ആഘോഷത്തിന് മിഴിവേകി. തിരുനക്കര സെൻട്രൽ ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ പന്തളം രാജകൊട്ടാരം പ്രതിനിധി പി.രാഘവ വർമ്മ സംയുക്തശോഭായാത്ര ഉദ്ഘാടനം ചെയ്തു. ജില്ലാ സ്വാഗതസംഘം ചെയർമാർ പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കാര്യദർശി ബൈജുലാൽ ജന്മാഷ്ടമി സന്ദേശം നൽകി. ജില്ല ആഘോഷ പ്രമുഖ് മനു കൃഷ്ണ സ്വാഗതവും സ്വാഗതസംഘം സെക്രട്ടറി രാജേഷ് നട്ടാശേരി നന്ദിയും പറഞ്ഞു. രാജ ശ്രീകുമാര വർമ്മ, പ്രതീഷ് മോഹൻ, പി.സി.ഗിരീഷ് കുമാർ, എം.എസ്.പദ്മനാഭൻ, ശിവാനന്ദൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ശോഭായാത്ര സമാപനത്തോടനുബന്ധിച്ച് തിരുനക്കര മഹാദേവക്ഷേത്രത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. വൈക്കം നഗരത്തിൽ പിന്നണിഗായിക വൈക്കം വിജയലക്ഷ്മി ശോഭയാത്ര ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി ടൗണിൽ പ്രൊഫ: മാധവൻപിള്ള ശോഭായാത്ര സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ ആദ്ധ്യക്ഷൻ എൻ.മനു സന്ദേശം നൽകി. പനച്ചിക്കാട് പഞ്ചായത്തിലെ ശോഭായാത്രയ്ക്ക് ജില്ലാ ഖജാൻജി ജി. ജയൻ, പുതുപ്പള്ളിയിൽ മേഖല ഖജാൻജി എം.ബി. ജയൻ, മണർകാട് പഞ്ചായത്തിൽ മേഖല സമിതിയംഗം കെ.ജി. രഞ്ചിത്ത്, കറുകച്ചാൽ നഗരത്തിൽ ആർ.എസ്.എസ്. ജില്ലാ സംഘചാലക് എ. കേരളവർമ്മ, ശ്രീകുമാർ, ആദർശ് ഏറ്റുമാനൂർ നഗരത്തിൽ ജില്ല അദ്ധ്യക്ഷൻ ബിനോയിലാൽ, ജില്ല സഹകാര്യദർശി എം. എൻ. അനൂപ്, കടുത്തുരുത്തി മേഖലയിൽ ജില്ലാ ഉപാദ്ധ്യക്ഷൻ പി. കെ. സതീശൻ, രഘുനാഥൻ വൈക്കം നഗരത്തിൽ ആർ.എസ്.എസ്.ജില്ലാകാര്യവാഹ് ബി. സോമൻ, പാലനഗരത്തിൽ സ്വാഗതസംഘം ചെയർമാൻ ബിജു കൊല്ലപ്പള്ളി , ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട് ,എരുമേലിയിൽ ജില്ലാ സംഘടനാകാര്യദർശി രാജേഷ് ,ഭഗിനിപ്രമുഖ് ശ്രീകല പ്രമോദ് എന്നിവർ നേതൃത്വം നൽകി. പൊൻകുന്നം മേഖലയിലെ ശോഭായാത്ര സ്വാഗതസംഘം അദ്ധ്യക്ഷ ലത ആർ. പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം പ്രൊഫ: സി.എൻ. പുരുഷോത്തമൻ സന്ദേശം നൽകി.