ഏറ്റുമാനൂർ : അതിരമ്പുഴയിൽ വീട് തല്ലിത്തകർത്ത ശേഷം പൊലീസ് ജീപ്പിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിലെ പ്രതികൾ എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ചാമക്കാലാ കനാലിന്റെ സമീപത്തായിരുന്നു സംഭവം. ഓണത്തിനോട് അനുബന്ധിച്ചുള്ള സ്‌പെഷ്യൽ റെയ്ഡിൽ ചാമാക്കാല ഭാഗത്ത് എക്‌സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ആളൊഴിഞ്ഞ റബർ തോട്ടത്തിൽ നിന്ന് 7 പേർ അടങ്ങുന്ന സംഘം ഓടി രക്ഷപ്പെട്ടത്. ഇവർ തമ്പടിച്ചിരുന്ന ഭാഗത്തു നിന്നു 15 ഗ്രാം കഞ്ചാവ് കണ്ടെത്തി. കൈയിൽ കരുതിയ ബാഗും, തുണിത്തരങ്ങളും ഉപേക്ഷിച്ചാണു പ്രതികൾ ചിതറി ഓടിയത്. പിന്തുടർന്നെങ്കിലും പിടികൂടാൻ സാധിച്ചില്ല. എക്‌സൈസ് ഇൻസ്‌പെക്ടർ രാഗേഷ് ബി ചിറയാത്ത് അറിയിച്ചതിനെ തുടർന്ന് ഏറ്റുമാനൂർ പൊലീസും സ്ഥലത്ത് വ്യാപകമായ പരിശോധന നടത്തി.