വൈക്കം: ദുരിതബാധിതർക്ക് വിതരണം ചെയ്യുന്നതിനായി വൈക്കം താലൂക്ക് ഓഫീസ് അധികൃതർ ദുരിതാശ്വാസ കിറ്റുകൾ തയ്യാറാക്കുന്നു. കളട്രേറ്റിൽ നിന്ന് വൈക്കം താലൂക്ക് ഓഫീസിന് കൈമാറിയ അവശ്യസാധനങ്ങൾ വൈക്കം ലയൺസ് ക്ലബ് ഹാളിൽ എത്തിച്ചാണ് കിറ്റുകളാക്കി തയ്യാറാക്കുന്നത്. ഭൂരേഖ തഹസിൽദാർ ആർ.സുരേഷ്‌കുമാർ, ഹെഡ്ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ വി.രാജു, ദുരന്തനിവാരണ വിഭാഗം തഹസിൽദാർ എസ്. ധർമ്മജൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ ആർ.രാജേഷ്, കെ.കെ.മോഹനൻ, വിവിധ സംഘടനാ നേതാക്കൾ, താലൂക്കിലെ മുഴുവൻ ജീവനക്കാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കിറ്റുകൾ തയ്യാറാക്കുന്നത്.അടുത്ത ദിവസം താലൂക്കിന്റെ കീഴിലുള്ള വില്ലേജ് ഓഫീസർമാരുമായി ചർച്ച ചെയ്ത ശേഷം ദുരിതബാധിതർക്ക് ദുരിതാശ്വാസ കിറ്റ് കൈമാറാനുള്ള നടപടി സ്വീകരിച്ച് വരികയാണെന്ന് താലൂക്ക് ഓഫീസ് അധികൃതർ പറഞ്ഞു.