കോട്ടയം : കെവിൻ വധക്കേസ് പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. പ്രായവും പശ്ചാത്തലവും പരിഗണിച്ച് ഇളവ് വേണമെന്ന് പ്രതിഭാഗവും വാദിച്ചു. ഇരുവിഭാഗങ്ങളുടെയും വാദം കേട്ട സെഷൻസ് കോടതി ജഡ്ജി എസ്. ജയചന്ദ്രൻ ചൊവ്വാഴ്ച ശിക്ഷ വിധിക്കും.
വാദത്തിനിടെ നാലാം പ്രതി റിയാസ് ഇബ്രാഹിംകുട്ടി, എട്ടാം പ്രതി നിഷാദ് എന്നിവർ പൊട്ടിക്കരഞ്ഞു. ഒന്നാം പ്രതി ഷാനുവും ഏഴാം പ്രതി ഷിഫിൻ സജാദും പറയാനുള്ളത് എഴുതി നൽകി. തനിക്കും കുടുംബത്തിനും ജാതിയില്ലെന്നും അമ്മയും അച്ഛനും വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവരാണെന്നും ഷാനു എഴുതി നൽകി. മറ്റൊരു ജാതിയിൽപ്പെട്ടയാളെയാണ് താനും വിവാഹം കഴിച്ചത്. ഗൾഫിൽ ചുമട്ടു തൊഴിലാളിയായിരുന്നു, തൊഴിലും കുടുംബ ജീവിതവും തകർന്നെന്നും ഷാനു എഴുതി നൽകി. ബൈബിൾ വാക്യങ്ങൾ ഉതിർത്ത് വികാരാധീനനായാണ് പ്രതിഭാഗം അഭിഭാഷകൻ വാദം അവസാനിപ്പിച്ചത്.
പ്രോസിക്യൂഷൻ വാദം
ദുരഭിമാനക്കൊലപാതകമെന്ന് തെളിഞ്ഞതിനാൽ കേസ് അപൂർവങ്ങളിൽ അപൂർവമാണ്. പ്രതികൾക്ക് വധശിക്ഷ നൽകണം. 2011ലെ ഭഗവാൻദാസ് കൊലക്കേസിൽ പ്രതികൾക്ക് വധശിക്ഷ വിധിച്ച ജസ്റ്റിസ് മാർക്കണ്ഡേയ കഡ്ജു, ദുരഭിമാനക്കൊലയായതിനാൽ കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് പറഞ്ഞിരുന്നു. ശിക്ഷയിൽ പരിഗണന നൽകുകയോ പരിമിതപ്പെടുത്തുകയോ ചെയ്താൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. കൊല്ലണമെന്ന് ഗൂഢാലോചന നടത്തിയിട്ടുള്ളതിനാൽ ഇവർ ക്രിമിനൽ കേസുകളിൽ പ്രതികളല്ലെന്ന ദയ അർഹിക്കുന്നില്ല. വധശിക്ഷ ഒഴിവാക്കി ഇരട്ട ജീവപര്യന്തമാണ് വിധിക്കുന്നതെങ്കിൽ മറ്റുള്ള കുറ്റങ്ങളിലെ ശിക്ഷ പ്രത്യേകം അനുഭവിച്ച ശേഷമേ ജീവപര്യന്തം നടപ്പാക്കാവൂ. വീട്ടിലെ അത്താണികൂടിയായ കെവിൻ മരിച്ചതോടെ മാതാപിതാക്കൾ ദുരിതത്തിലാണ്. ഇവർക്കും വീട് തകർന്ന അനീഷിനും നഷ്ടപരിഹാരം നൽകണം. അനാഥയായ നീനുവിന് നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കണം. മൂന്ന് പ്രതികൾക്ക് സ്വന്തമായി കാറുണ്ട്. പണം നൽകിയില്ലെങ്കിൽ ഇവരുടെ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം നൽകണം.
പ്രതിഭാഗം
പ്രതികളുടെ പ്രായവും പശ്ചാലത്തവും പരിഗണിക്കണം. പ്രതികളാരും മറ്റൊരു കേസിലും ഉൾപ്പെട്ടിട്ടില്ല. നാട്ടിൽ സാമൂഹ്യപ്രവർത്തനം നടത്തുന്നവരാണ് ഇവർ. ഷാനു സാമ്പത്തിക സഹായം നൽകുകയും ചെയ്തിരുന്നു. തെറ്റ് ചെയ്തെങ്കിൽ തിരുത്തി സമൂഹത്തിന്റെ ഭാഗമാകാൻ അവസരം നൽകണം. പരമാവധി ശിക്ഷ നൽകിയാൽ ഇതിനുള്ള അവസരം ഇല്ലാതാകും. മിക്കവരും വീട്ടുകാരുടെ ആശ്രയമാണ്. ദുരഭിമാനക്കൊലപാതകങ്ങളായ 2016ലെ വികാസ് യാദവ് കേസിലും 2018 ശക്തിവാഹിനി കേസിലും പ്രതികൾക്ക് വധശിക്ഷ നൽകിയിട്ടില്ല.