കോട്ടയം : ജില്ലയിലെ കഞ്ചാവ് കടത്തിന്റെ പ്രധാന ഇടത്താവളമായി അതിരമ്പുഴ മാറുന്നു. ആഴ്‌ചയിൽ നൂറ് കിലോയിലധികം കഞ്ചാവാണ് അതിരമ്പുഴയിലെ കോളനികൾ കേന്ദ്രീകരിച്ച് വിപണനത്തിനായി എത്തുന്നത്. ഇതോടൊപ്പം ലഹരിമരുന്ന് ആംപ്യൂളുകളും ഹാഷിഷ് ഓയിലും എത്തിക്കുന്നുണ്ട്. യുവാക്കളും വിദ്യാർത്ഥികളുമാണ് ഇടനിലക്കാർ. കഞ്ചാവ് ലഹരിയിൽ അക്രമസംഭവങ്ങൾ പതിവായതോടെ പ്രദേശവാസികളും ഭീതിയിലാണ്. ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ നീണ്ടൂർ സ്വദേശിയായ ലഹരിമാഫിയ തലവൻ ജോർജ് കുട്ടിയെ എക്‌സൈസ് സംഘം മലപ്പുറത്തു നിന്ന് അറസ്റ്റ് ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് അതിരമ്പുഴയിൽ കഞ്ചാവ് മാഫിയ സംഘം പൊലീസ് വാഹനത്തിനു നേരെ പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പൊലീസും - എക്‌സൈസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ പ്രദേശത്തെ അൻപതോളം വരുന്ന യുവാക്കളുടെ പ്രധാന വരുമാന മാർഗം കഞ്ചാവ് കച്ചവടമാണെന്ന സൂചന ലഭിച്ചിട്ടുണ്ട്. കൊലക്കേസ് പ്രതി അടങ്ങുന്ന സംഘമാണ് ഇവർക്ക് സംരക്ഷണം നൽകുന്നത്.
ആന്ധ്രയിൽ നിന്ന് 1000 രൂപയ്‌ക്കെത്തും
ആന്ധ്രയിൽ നിന്ന് 1000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഉത്തരേന്ത്യയിൽ നിന്ന് സാധനങ്ങളുമായി തിരികെ എത്തുന്ന നാഷണൽ പെർമിറ്ര് ലോറികളിലാണ് ഇവിടേക്ക് എത്തിക്കുന്നത്. പച്ചക്കറി അടക്കമുള്ള സാധനങ്ങളുടെ അടിയിൽ തട്ടുകളിലാണ് കഞ്ചാവ് ഒളിപ്പിക്കുന്നത്. ഇതു കൂടാതെ അതിരമ്പുഴയിൽ നിന്നുള്ള യുവാക്കളുടെ സംഘം വിനോദസഞ്ചാരത്തിനായി എല്ലാ ആഴ്‌ചയും ആന്ധ്രയ്ക്ക് പോകുന്നുണ്ട്. ട്രാവലറിൽ യാത്ര തിരിക്കുന്ന സംഘം തിരികെ എത്തുമ്പോൾ കിലോക്കണക്കിന് കഞ്ചാവാണ് ഒളിപ്പിച്ചു കടത്തുന്നത്. 7000 രൂപയ്ക്കാണ് ഇവിടെ വില്പന.
പ്രതികൾക്കായി അന്വേഷണം ഊർജിതം
പൊലീസ് ജീപ്പിന് നേരെ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഒരാൾ നേരത്തെ അറസ്റ്റിലായിരുന്നു. ബാക്കിയുള്ള ഏഴു പ്രതികൾ അതിരമ്പുഴയ്‌ക്ക് സമീപത്തെ റബർ തോട്ടത്തിൽ ഒളിവിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം എക്‌സൈസ് സംഘത്തെ കണ്ട് രക്ഷപ്പെട്ടിരുന്നു.