പാലാ: പൊൻകുന്നം റോഡിലെ അഞ്ചോളം സ്ഥലങ്ങളിൽ പൈപ്പുകൾ പൊട്ടി ജലം പാഴായിപ്പോയിട്ടും കണ്ണടച്ച് അധികൃതർ. വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം ഉണ്ടായിരുന്ന സമയത്ത് പാലാ വലിയ പാലത്തിനു സമീപമുള്ള പൈപ്പുകൾ പൊട്ടി വൻതോതിൽ ജലം പോയിരുന്നു. അന്നേ ജലസേചന വകുപ്പിന്റെ വിതരണ പൈപ്പുകൾ പഴക്കം ചെന്നതാണെന്ന ആക്ഷേപം ഉയർന്നിരുന്നു. അന്ന് വലിയപാലത്തിലെ ജലവിതരണത്തിലെ ചോർച്ച താത്കാലികമായി പരിഹരിച്ചെങ്കിലും കേടായ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിൽ തികഞ്ഞ നിസംഗതയായിരുന്നു വകുപ്പ് കാട്ടിയതെന്നും ആക്ഷേപമുണ്ടായിരുന്നു. പെരുമഴക്കാലമാണെങ്കിലും പല കുടുബങ്ങളും ജലസേചന വകുപ്പിന്റെ പൈപ്പാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ വകുപ്പ് പുലർത്തുന്ന അനാസ്ഥയിൽ പ്രതിഷേധം ഉയരുകയാണ്.