r-sureshbabu

വൈക്കം : മഹാദേവ ക്ഷേത്രത്തിന്റെ വടക്കേ കൊട്ടാരത്തിന്റെ പൂമുഖം. ശ്രീമഹാദേവനെ തൊഴുത് അനന്തപുരിയിലേക്ക് മടങ്ങാനൊരുങ്ങുന്ന മഹാരാജാവിന് മുന്നിൽ തന്റെ കലാസൃഷ്ടി കാഴ്ചവച്ച് വണങ്ങി നിന്നത് രാമപുരത്തുകാരൻ ഒരു വാര്യർ. വാര്യരുടെ ആദ്യ ശ്ലോകം വായിച്ചയുടൻ രാജാവിന്റെ ചോദ്യം 'വാര്യരും പോരുന്നോ നമ്മോടൊപ്പം?' അങ്ങനെ അത്താഴപ്പട്ടിണിക്കാരനായ ആ വാര്യർ മഹാരാജാവിനൊപ്പം വഞ്ചിയിലേറി. ആ യാത്രയിലുടനീളം വാര്യർക്കൊപ്പം വേമ്പനാട്ടു കായലിലെ കുഞ്ഞോളങ്ങൾ കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ ഈരടികൾ ഏ​റ്റുപാടി.

തിരുവിതാംകൂർ മഹാരാജാക്കന്മാർ മലയാള ദേശത്തെ മഹാക്ഷേത്രങ്ങളിലൊന്നായ വൈക്കം മഹാദേവക്ഷേത്രത്തിൽ പതിവായി ദർശനത്തിനെത്തിയിരുന്നു. ക്ഷേത്ര ദർശനത്തിനെത്തുന്ന മഹാരാജാവിന് വിശ്രമിക്കാനായാണ് ക്ഷേത്രത്തിന്റെ വടക്കേ നടയിൽ കൊട്ടാരം പണികഴിപ്പിച്ചത്. ചരിത്രനഗരമാണ് വൈക്കം. വൈക്കത്തിന്റെ ചരിത്രമുറങ്ങുന്നത് ഇവിടെയൊക്കെയാണ്.
ചരിത്ര സ്മാരകമാകേണ്ട കൊട്ടാരക്കെട്ട് പക്ഷേ ജീർണ്ണിച്ച് നശിക്കുകയാണ്.

ക്ഷേത്രക്കുളത്തോട് ചേർന്ന് അര ഏക്കറോളം വരുന്ന സ്ഥലത്താണ് കൊട്ടാരവും അനുബന്ധ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്. മതിയായ സംരക്ഷണമില്ലാതെ കൊട്ടാരം ഉൾപ്പടെയുള്ള കെട്ടിടങ്ങൾ ചോർന്നൊലിക്കുന്നു. പണ്ട് ഉന്നത ഉദ്യോഗസ്ഥർക്കും മ​റ്റ് പ്രമുഖർക്കും താമസിക്കുവാൻ ഇവിടെ സൗകര്യം നൽകിയിരുന്നു. സമീപത്തായി ദേവസ്വം അതിഥി മന്ദിരം പണികഴിപ്പിച്ചതോടെ വിഐപികൾ കൊട്ടാരത്തിലേക്ക് വരാതായി. ഇടയ്ക്ക് വിവാഹ ആവശ്യക്കൾക്കും കൊട്ടാരം വിട്ടുനൽകിയിരുന്നു. അതും പിന്നീട് നിറുത്തി. അഷ്ടമിവിളക്കിന് എഴുന്നള്ളുന്ന ദേവസേനാപതി ഉദയനാപുരത്തപ്പന് വടക്കെ കൊട്ടാരത്തിന് മുൻവശം നല്കുന്ന വരവേൽപ്പ് പ്രസിദ്ധമാണ്. ഇതിന് സാക്ഷിയാകാൻ മഹാരാജാവും പരിവാരങ്ങളുമെത്തിയിരുന്നു. പൂമുഖം, സ്വീകരണമുറി, ഇരുവശത്തുമായി രണ്ട് വി.ഐ പി മുറികൾ, ഇടനാഴി, നടുമു​റ്റം, ഊണുമുറി, പാചകപ്പുര എന്നിവയും കൊട്ടാരം വിവാഹ ചടങ്ങുകൾക്ക് നൽകിയിരുന്ന അവസരത്തിൽ നിർമ്മിച്ച ആടുക്കള, സദ്യാലയം എന്നിവയാണ് കൊട്ടാരക്കെട്ടിന്റെ ഇപ്പോഴത്തെ ഉള്ളടക്കം. ഈ ഭാഗങ്ങൾ എല്ലാം ജീർണ്ണാവസ്ഥയിലാണ് കൊട്ടാരത്തിന് തെക്ക് ഭാഗത്ത് ക്ഷേത്രക്കുളത്തോട് ചേർന്നുള്ള കുളപ്പുരയും നിലം പൊത്തുന്ന രീതിയിലാണ്.

കൊട്ടാരത്തിൽ ഇപ്പോൾ ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ ഓഫിസും അക്കൗണ്ട്‌സ് ഓഫിസും വടക്കുഭാഗത്തുള്ള എടുപ്പിൽ വിജിലൻസ് ഓഫിസും പ്രവർത്തിക്കുന്നുണ്ട്.
അനുബന്ധ കെട്ടിടത്തിൽ അസിസ്​റ്റന്റ് കമ്മിഷണർ ഓഫിസും പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. മഹാരാജാവിനും റാണിക്കുമൊപ്പമെത്തുന്ന സ്ത്രീ പരിചാരകർ താമസിച്ചിരുന്ന കെട്ടിടം കൊട്ടാരത്തിനഭിമുഖമായി റോഡിനെതിർവശത്തുണ്ട്. അതിപ്പോൾ പൊതുമരാമത്ത് വകുപ്പ് ഓഫീസാണ്.


ആർ. സുരേഷ് ബാബു
സോപാനം

വടക്കേ കൊട്ടാരം ചരിത്ര സ്മാരകമായി നിലനിർത്തണം. യഥാസമയം അ​റ്റകു​റ്റപ്പണികൾ നടത്തി സംരക്ഷിക്കണം. കൊട്ടാരം സൂക്ഷിപ്പുകാരനായി സ്ഥിരം ജീവനക്കാരൻ വേണം.

പൂമുഖം, സ്വീകരണമുറി, ഇരുവശത്തുമായി രണ്ട് വി.ഐ പി മുറികൾ, ഇടനാഴി, നടുമു​റ്റം., ഊണുമുറി, പാചകപ്പുര എന്നിവയും കൊട്ടാരം വിവാഹ ചടങ്ങുകൾക്ക് നൽകിയിരുന്ന അവസരത്തിൽ നിർമ്മിച്ച ആടുക്കള, സദ്യാലയം എന്നിവയാണ് കൊട്ടാരക്കെട്ടിന്റെ ഇപ്പോഴത്തെ ഉള്ളടക്കം.

വൈക്കം ക്ഷേത്രം സന്ദർശിക്കാൻ എത്തുന്ന മഹാരാജവിന് താമസിക്കുവാൻ പണി കഴിപ്പിച്ചു.