kannan-gopinathan
kannan gopinathan

 കാരണം രാഷ്ട്രീയ സമ്മർദ്ദം

കോട്ടയം: കഴിഞ്ഞ പ്രളയത്തിൽ, ആരാണെന്ന് വെളിപ്പെടുത്താതെ ദുരിതാശ്വാസ ക്യാമ്പുകളിൽ രാപ്പകൽ ചുമടെടുത്ത് കേരളത്തിന്റെ ഹൃദയത്തിൽ കൂടുകൂട്ടിയ മലയാളി സിവിൽ സർവീസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ (31) രാജിവച്ചു. രാഷ്ട്രീയ സമ്മർദ്ദമാണ് രാജിക്ക് കാരണമെന്നാണ് സൂചന. കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലിയിൽ ഊർജ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു.

' എല്ലാവരുടെയും ശബ്ദമാകാനാണ് ഐ.എ.എസ് എടുത്ത്. എന്നാൽ ഇപ്പോൾ സ്വന്തം ശബ്ദം പോലും ഇല്ലാതായ അവസ്ഥയാണ്. ഉദ്യോഗസ്ഥനായിരിക്കെ പലതും പുറത്ത് പറയാനാകില്ല. സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതായി. അത് വീണ്ടെടുക്കാനാണ് ഈ രാജി'- കോട്ടയം കൂരോപ്പട ചന്ദനത്തിൽ പരേതനായ ഗോപിനാഥൻ നായർ - കുമാരി ദമ്പതികളുടെ ഏകമകനായ കണ്ണൻ പറഞ്ഞു.

ദാദ്ര നഗർ ഹവേലി ജില്ലാ കളക്ടറായിരിക്കെ ദുരിതാശ്വാസ സഹായമായ ഒരു കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറാനുള്ള ഔദ്യോഗിക യാത്രയായിരുന്നു കഴിഞ്ഞ പ്രളയത്തിൽ കേരളത്തിലേക്ക്. എന്നാൽ, ദുരിതക്കാഴ്ചകൾ കണ്ട് 8 ദിവസം സന്നദ്ധ പ്രവർത്തനത്തിനിറങ്ങി. ആദ്യമെത്തിയത് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലെ കളക്‌ഷൻ സെന്ററിൽ. പിന്നീട് പത്തനംതിട്ടയിലേക്ക്. മറ്റു യുവാക്കൾക്കൊപ്പം കണ്ണനും കൂടി. ഓരോ ദിവസവും ഓരോ ക്യാമ്പിലായി രാവിലെ മുതൽ രാത്രി വരെ പണിയെടുത്തു. വണ്ടികളിൽ കൊണ്ടുവന്ന ചാക്കു കണക്കിന് അരിയും മറ്റും ചുമന്ന് ക്യാമ്പുകളിലെത്തിച്ചു. രാത്രി കഴിച്ചുകൂട്ടിയത് സമീപത്തെ ലോഡ്ജുകളിൽ.

ഒടുവിൽ, എറണാകുളത്തെ ക്യാമ്പിൽ ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള എത്തിയപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ഐ.എ.എസുകാരൻ കണ്ണൻ ഗോപിനാഥനാണെന്ന് മറ്റുള്ളവർ തിരിച്ചറിഞ്ഞത്.

കോട്ടയം ടു ഡൽഹി

കണ്ണന്റെ പ്രാഥമിക വിദ്യാഭ്യാസം കോട്ടയം കൂരോപ്പടയിലായിരുന്നു. അച്ഛൻ ഗോപിനാഥൻ നായർ വില്ലേജ് ഓഫീസറായിരുന്നു. പുതുപ്പള്ളി ഐ.എച്ച്.ആർ.ഡിയിലെ പഠനത്തിന് ശേഷം റാഞ്ചി ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ എൻജിനിയറിംഗ് പൂർത്തിയാക്കി. ജോലി ലഭിച്ച ശേഷം സഹപ്രവർത്തകയായിരുന്ന ഡൽഹി രാജകുടുംബാംഗം ഹിമാനിയെ വിവാഹം കഴിച്ചു. തുടർന്ന് മാതാപിതാക്കളും ഡൽഹിയിൽ താമസമാക്കി. ഇതിനിടയിലാണ് സിവിൽ സർവീസ് നേടിയത്.

മിസോറാമിനെ പരിഷ്കരിച്ച കളക്ടർ

മിസോറാമിലെ ഐസ്വാളിൽ കളക്ടറായിരിക്കുമ്പോൾ കണ്ണൻ ഗോപിനാഥന്റെ ഓഫീസ് ഒരു പരീക്ഷണശാലയായിരുന്നു. പ്രകൃതിദുരന്ത മുന്നറിയിപ്പ് നൽകാൻ ആപ്പ്, വൈദ്യുതി മുടക്കം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ സ്മാർട്ട് ഫോൺ തുടങ്ങി ജില്ലയിലെ പല പ്രശ്നങ്ങളും കണ്ണൻ പരിഹരിച്ചത് സാങ്കേതിക വിദ്യയിലൂടെയാണ്.