കോട്ടയം: അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് പെട്ടി ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. കാരാപ്പുഴ സ്വദേശി സി.കെ രാജേഷ് കുമാറിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലരയോടെ എം.സി റോഡിൽ കോടിമത പാലത്തിലായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തു നിന്നു വരികയായിരുന്ന ഓട്ടോറിക്ഷയെ മറികടക്കാനുള്ള ശ്രമത്തിനിടെ ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന റൈസിംങ് സൺ ബസ് ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്‌ടമായ ഓട്ടോറിക്ഷ പാലത്തിനു മുന്നിലെ മൈൽക്കുറ്റിയിൽ ഇടിച്ച് കുഴിയിലേക്ക് മറിഞ്ഞു. പോസ്റ്റിൽ ഇടിച്ച് നിന്നതിനാൽ വൻഅപകടം ഒഴിവായി. നാട്ടുകാർ ചേർന്ന് ഡ്രൈവറെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.