പാലാ: ബഹുമാനപ്പെട്ട നഗരസഭാധികാരികളേ, നിങ്ങൾ ടൗൺ ബസ് സ്റ്റാൻഡിലേക്ക് ഒന്നു വരണം; രണ്ടര വർഷം മുമ്പ് കെ.എസ്.ആർ.ടി.സി. ബസിടിച്ച് തകർന്ന വെയിറ്റിംഗ് ഷെഡിന്റെ തറയിലേക്കൊന്ന് നോക്കണം. കനത്ത മഴയിലും, വെയിലിലും പിഞ്ചു കുഞ്ഞുങ്ങളേയുമെടുത്ത് അമ്മമാർ .... പ്രായമേറിയവർ..... വിദ്യാർത്ഥികൾ .... എല്ലാവരും ഈ തറയിൽ ബസുകാത്തു നിൽക്കുകയാണ്. മഴയാകട്ടെ, വെയിലാകട്ടെ, ആകാശമാണിവിടെ മേൽക്കൂര.
ദിനംപ്രതി നൂറുകണക്കിനാളുകൾ ബസു കാത്തു നിന്ന ഈ വെയിറ്റിംഗ് ഷെഡ് തകർന്നു വീണപ്പോൾ അന്നത്തെ നഗരഭരണ നേതൃത്വം യാത്രക്കാർക്ക് ചില ഉറപ്പുകൾ കൊടുത്തിരുന്നു; പുതിയ വെയിറ്റിംഗ് ഷെഡ് ഉടൻ നിർമ്മിക്കുമെന്ന്. എന്നാൽ പിന്നീട് അതിനുവേണ്ട നടപടികളൊന്നുമുണ്ടായില്ല.
വൈക്കം, കുറവിലങ്ങാട്, എറണാകുളം, മുണ്ടക്കയം, പൊൻകുന്നം, രാമപുരം ഭാഗങ്ങളിലേക്കുള്ള യാത്രക്കാരാണ് വെയിറ്റിംഗ് ഷെഡ് തകർന്ന തറയിൽ ഇപ്പോഴും ബസുകാത്തു നിൽക്കുന്നത്. കനത്ത മഴയിലും വെയിലിലും ദുരിതം പിടിച്ച ഈ കാത്തു നിൽപ്പ് തുടരുകയാണ്. പുതിയ വെയിറ്റിംഗ് ഷെഡ് നിർമ്മിച്ച തങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ നഗരസഭ തയ്യാറാകണമെന്നാണ് യാത്രക്കാരും, സ്റ്റാൻഡിലെ വ്യാപാരികളും ആവശ്യപ്പെടുന്നത്.
അന്നത്തെ ആ അപകടം...
2017 നവംബർ 15. തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായ അപകടം സംഭവിച്ചത് അന്നായിരുന്നു. ടൗൺ ബസ് സ്റ്റാൻഡിലെ വെയിറ്റിംഗ് ഷെഡ് കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ചു തകർത്തപ്പോൾ നിലംപൊത്തിയ വെയിറ്റിഗ് ഷെഡിൽ നിന്നും ഏഴോളം പേർ ഓടി ഇറങ്ങിയതു മൂലം ജീവൻ
രക്ഷപ്പെടുകയായിരുന്നു. കാലപ്പഴക്കമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം കെ.എസ്.ആർ.ടി.സി ബസ് അലക്ഷ്യമായി മുന്നോട്ടെടുത്തപ്പോൾ നിലംപൊത്തുകയായിരുന്നു. അന്ന് രാവിലെ 9.20 നായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി. ബസ് അലക്ഷ്യമായി മുന്നോട്ട് എടുത്തപ്പോൾ വെയിറ്റിംഗ് ഷെഡിൽ ഉടക്കി നിന്നു.അപകടം ഉണ്ടാകമെന്നു മനസിലാക്കിയ ബസ് സ്റ്റാൻഡിലെ ടൗവൽ കച്ചവടക്കാരൻ ഷാഹുൽ ഹമീദ് യാത്രക്കാരോട് ഓടി മാറാൻ ആവശ്യപ്പെടുകയായിരുന്നു.
വെയിറ്റിംഗ് ഷെഡിന്റെ അടിവശം ദ്രവിച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു.