കോട്ടയം: ബസ് ജീവനക്കാർ തമ്മിലുള്ള തർക്കത്തിൽ മദ്യലഹരിയിൽ ഇടപെട്ട യാത്രക്കാരൻ പൊലീസ് സ്റ്റേഷനിലേയ്ക്ക് ബസ് തിരിച്ചതോടെ ബസിൽ നിന്നും പുറത്തേയക്ക് ചാടി. ഓടുന്ന ബസിൽ നിന്നും റോഡിലേയ്ക്ക് ചാടി സാരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ റോഡിൽ കിടന്ന യാത്രക്കാരനെ ഇതുവഴി എത്തിയ ഈസ്റ്റ് സി.ഐ നിർമ്മൽ ബോസാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കാലിന് സാരമായി പരിക്കേറ്റ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആനിക്കാട് പോണിക്കാട് വീട്ടിൽ സിജോ ചാക്കോയെയാണ് (30) പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ എം.സി റോഡിൽ നീലിമംഗലത്തായിരുന്നു സംഭവം. ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന കുന്നത്ത് ബസിലെ ജീവനക്കാരും, പഴേമ്പള്ളിൽ ബസിലെ ജീവനക്കാരും തമ്മിൽ കുന്നത്ത് ബസിനുള്ളിൽ വച്ച് സമയത്തെച്ചൊല്ലി തർക്കമുണ്ടായി. മദ്യലഹരിയിലായിരുന്ന സിജോയും, സുഹൃത്തും പ്രശ്‌നത്തിൽ ഇടപെട്ടു. ഇതോടെ തർക്കം സിജോയും, ബസ് ജീവനക്കാരും തമ്മിലായി. തർക്കം രൂക്ഷമായതോടെ ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടുകയാണെന്ന് ജീവനക്കാർ പറഞ്ഞപ്പോൾ സിജോ പുറത്തേക്ക് ചാടുകയായിരുന്നു.
അപകടത്തിനിടയാക്കിയ കുന്നത്ത് ബസ് ഗാന്ധിനഗർ സി.ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു. ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു.