കോട്ടയം: കെ.എസ്.ആർ.ടി.സി ബസിലിരുന്ന് ജില്ലയിൽ 'സ്ഫോടനങ്ങൾ നടത്താൻ' ആസൂത്രണം ചെയ്‌തതായി പൊലീസിന് രഹസ്യ വിവരം. തുടർന്ന് ജില്ലയിലെ എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും പൊലീസ് അരിച്ചു പെറുക്കുകയും 'മുഖംമൂടി' ധരിച്ച ഒരു യുവാവിനെ പൊക്കുകയും ചെയ്തു. രണ്ടര മണിക്കൂർ ചോദ്യം ചെയ്‌തതോടെയാണ് മുഖം മൂടിയല്ല ഇദ്ദേഹം ധരിച്ചിരുന്നത് 'മഫ്‌ളർ' ആണെന്ന് പൊലീസിനു വ്യക്തമായത്. വർക്കല സ്വദേശിയായ യുവ എൻജിനീയർക്കായിരുന്നു മഫ്‌ളർ ധരിച്ചതിന്റെ പേരിൽ പൊലീസിന്റെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നത്.
ഇന്നലെ വൈകിട്ട് നാലോടെയാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരിക്കുന്നതായി രഹസ്യ സന്ദേശം പൊലീസിനു ലഭിച്ചത്. തുടർന്ന് പൊലീസ് സംഘം ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് പാലാ വഴി തിരുവനന്തപുരത്തിന് പോകുന്ന കെ.എസ്.ആർ.ടി.സി ബസിലിരുന്ന് ഒരാൾ സംശയാസ്‌പദമായ സാഹചര്യത്തിൽ ഫോൺ ചെയ്യുന്നതായി വിവരം ലഭിച്ചത്. ഈ ബസിൽ നിന്നാണ് വർക്കല സ്വദേശിയായ എൻജിനീയറെ പിടികൂടിയതും. തുടർന്ന് കിടങ്ങൂർ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ഇദ്ദേഹത്തെ ചോദ്യം ചെയ്തതോടെയാണ് യുവാവ് നിരപരാധിയാണെന്ന് പൊലീസിനു വ്യക്തമായത്. ബസിലിരുന്ന് കാറ്റ് അധികം അടിയ്‌ക്കേണ്ടെന്നും കരുതിയാണ് ചെവിമറയ്‌ക്കുന്ന മഫ്‌ളർ ഇദ്ദേഹം ധരിച്ചത്. എന്നാൽ, അതിത്രയും പൊല്ലാപ്പാകുമെന്ന് യുവാവ് കരുതിയില്ല.