just

കോട്ടയം: രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തി ബംഗാളിന്റെ മണ്ണിൽ പടയോട്ടം രചിച്ച് ഗോകുലം തല ഉയർത്തി നിൽക്കുമ്പോൾ പ്രതിരോധത്തിന്റെ കോട്ട കാത്തത് കോട്ടയത്തിന്റെ കരുത്തുറ്റ കാലുകൾ. ഫൈനലിൽ കരുത്തുറ്റ ബഗാൻ ആക്രമണ നിരയെ നിലംപരിശാക്കിയ ഗോകുലത്തിന്റെ പ്രതിരോധമതിലിലെ കരുത്തുറ്റ കണ്ണി കോട്ടയം മള്ളൂശേരി പ്ലാത്താനം വീട്ടിൽ പി.വി ജോർജ്കുട്ടിയുടെ മകൻ ജസ്റ്റിൻ ജോർജായിരുന്നു.

പെനാലിറ്റി ഷൂട്ടൗട്ടിലേയ്‌ക്ക് നീണ്ട സെമിയിൽ ഈസ്റ്റ് ബംഗാളിനെ അട്ടിമറിക്കുന്നതിലും ജസ്റ്റിന്റെ പ്രകടനം നിർണായകമായിരുന്നു. ഷൂട്ടൗട്ടിൽ നിർണ്ണായകമായ കിക്ക് വലയിലെത്തിച്ചാണ് ജസ്റ്റിൻ കളിയുടെ ഗതി നിർണ്ണയിച്ചത്. ഇന്നലെയും പ്രതിരോധത്തിൽ പിടിപ്പത് പണിയുണ്ടായിരുന്നു കോട്ടയത്തിന്റെ ഈ വിലപ്പെട്ട കാലുകൾക്ക്. സെന്റർ ബാക്ക് പൊസിഷനിൽ കളിച്ച ജസ്റ്റിനും കൂട്ടുകാരും ചേർന്ന് തല്ലിക്കെടുത്തിയത് മോഹൻ ബഗാന്റെ മോഹങ്ങളായിരുന്നു.