കോട്ടയം: ഒരു മാസം മുൻപ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാൻസർ വാർഡിനു സമീപം കണ്ടെത്തിയ മൃതദേഹം ലോട്ടറി വിൽപന നടത്തിയ ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുത്തൻപറമ്പിൽ പൊന്നമ്മ (55)യുടേതെന്നുറപ്പിച്ച് ഡി.എൻ എ പരിശോധനാ ഫലം. കഴിഞ്ഞ മാസം 13 നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാൻസർ വാർഡിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പൂർണമായും അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. മൃതദേഹത്തിൽ നിന്നും ലഭിച്ച വസ്‌ത്രങ്ങളും ആഭരണങ്ങളും കണ്ടാണ് മകൾ സന്ധ്യ മരിച്ചത് പൊന്നമ്മയാണെന്ന് തിരിച്ചറിഞ്ഞത്. എന്നാൽ, ശാസ്‌ത്രീയ പരിശോധനകളിലൂടെ ഇത് ഉറപ്പിക്കുന്നതിനായി മൃതദേഹത്തിൽ നിന്നെടുത്ത രക്തവും, സന്ധ്യയുടെ ശരീരത്തിൽ നിന്നെടുത്ത രക്തസാമ്പിളും തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിൽ ഡി.എൻ.എ പരിശോധനക്ക് അയക്കുകയായിരുന്നു. ഇന്നലെയാണ് പരിശോധന ഫലം വന്നത്. തുടർന്ന് മരിച്ചത് പൊന്നമ്മയാണെന്ന് ഉറപ്പിച്ചു. തുടർന്ന് മൃതദേഹം മകൾ സൗമ്യയ്‌ക്ക് വിട്ടു നൽകാൻ തീരുമാനിച്ചു. സ്വന്തമായി ഭൂമിയില്ലാത്തതിനാൽ മൃതദേഹം എവിടെ സംസ്‌കരിക്കാൻ മാർഗമില്ലെന്ന് സന്ധ്യ അറിയിച്ചു. തുടർന്ന് നഗരസഭ ചെയർപേഴ്‌സൺ ഡോ.പി.ആർ സോന മൃതദേഹം മുട്ടമ്പലത്തെ പൊതു ശ്മശാനത്തിൽ സൗജന്യമായി സംസ്‌കരിക്കുന്നതിന് ക്രമീകരണം ഒരുക്കി. ഇന്ന് രാവിലെ 11ന് സംസ്‌കരിക്കും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആംബുലൻസിൽ മൃതദേഹം സൗജന്യമായി മുട്ടമ്പലം വരെ എത്തിക്കും.