ഏറ്റുമാനൂർ: പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം രണ്ടു പേർ ഏറ്റുമാനൂരിൽ പിടിയിൽ. നീണ്ടൂർ ത്രിവേണിയിൽ ശ്യാംബാലിനെയും (34) പ്രായപൂർത്തിയാകാത്ത കുട്ടിയെയുമാണ് പിടികൂടിയത്. പെൺകുട്ടിയെ പീഡിപ്പിച്ചതിന് കോഴിക്കോട് വളയം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. വളയം സ്റ്റേഷൻ അതിർത്തിയിൽ പഠിക്കുന്ന പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടെ ചൈൽഡ് ലൈൻ പ്രവർത്തകരോടാണ് കുട്ടി പീഡന വിവരം പറയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ടു പേർ പിടിയിലായിരുന്നു. കോഴിക്കോട്, കോട്ടയം, മാർത്താണ്ഡം എന്നിവിടങ്ങളിൽ പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. കോഴിക്കോട് വാണിമേൽ പുതുക്കുടി സ്വദേശി ശശി എന്ന സജീവൻ (45) തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി ബിനു (38) എന്നിവരാണ് വളയത്ത് പിടിയിലായത്. പോസ്‌കൊ നിയമപ്രകാരം അറസ്റ്റ് ചെയ്ത ഇരുവരെയും റിമാൻഡ് ചെയ്തിരുന്നു. ഏറ്റുമാനൂരിൽ അറസ്റ്റിലായ പ്രതികളെ കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് - ഒന്ന് കോടതിയിൽ ഹാജരാക്കി ശ്യാംബാലിനെ റിമാൻഡ് ചെയ്‌തു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ജൂവനൈൽ കോടതിയിൽ ഹാജരാക്കും.