കൊടുങ്ങൂർ: തിരക്കും ഗതാഗതക്കുരുക്കും വർദ്ധിച്ചുവരുന്ന കൊടുങ്ങൂർ ജംഗ്ഷനിൽ ഗതാഗതനിയന്ത്രണത്തിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ദേശീയപാതയിലെ അപകടകരമായ രണ്ട് കൊടും വളവുകൾക്കു നടുവിലാണ് കൊടുങ്ങൂർ പട്ടണം. കോട്ടയം-ചങ്ങനാശേരി ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങളും മറുവശത്ത് കിഴക്കൻ മേഖലയിൽനിന്നെത്തുന്ന വാഹനങ്ങളും ഈ വളവുകളിലൂടെ ഇറക്കം ഇറങ്ങിയാണ് ടൗണിലേക്ക് പ്രവേശിക്കുന്നത്. മത്സരിച്ചെത്തുന്ന സർവീസ് ബസുകൾ യാതൊരു നിയന്ത്രണവുമില്ലാതെയാണ് കടന്നുവരുന്നത്. കൊടുങ്ങൂർ-പാലാ, കൊടുങ്ങൂർ-മണിമല റോഡുകൾ തുടങ്ങുന്നതും ഈ ജംഗ്ഷനിൽനിന്നാണ്. ദേശീയപാതയിലേതിനൊപ്പം പാലാ,മണിമല റൂട്ടിൽനിന്നെത്തുന്ന സർവീസ് ബസുകളും കൊടുങ്ങൂർ ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കിയും കയറ്റിയുമാണ് കടന്നുപോകുന്നത്.
ചില ബസുകൾ ഏറെസമയം പാർക്കു ചെയ്യാറുണ്ട്. ബസ് സ്റ്റാൻഡോ ബസുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളോ ഇല്ലാത്തത് തിരക്കും ഗതാഗതക്കുരുക്കും വർദ്ധിപ്പിക്കാൻ കാരണമാകുന്നു. സർവീസ് ബസുകളടക്കമുള്ള വാഹനങ്ങൾ തോന്നുംപോലെയാണ് പാർക്ക് ചെയ്യുന്നത്. ചെറുതും വലുതുമായ അപകടങ്ങൾ ഇവിടെ പതിവാണെങ്കിലും പൊലീസിന്റെ ഇടപെടലുകൾ അപൂർവമാണ്. അടിയന്തിര സാഹചര്യങ്ങളിൽ മാത്രമാണ് പൊലീസിന്റെ സാന്നിദ്ധ്യം ഉണ്ടാകാറുള്ളത്. കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട കാർ ഒരു കടയിലേക്ക് ഇടിച്ചുകയറിയെങ്കിലും ഭാഗ്യവശാൽ വൻദുരന്തം ഒഴിവായി. കടയുടെ മുമ്പിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും കടയുടെ മുൻഭാഗവും ഇടിച്ചുതകർത്തു. അപകടകരമായ വളവുകൾ നിവർക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി നിവേദനങ്ങൾ അധികാരികൾക്ക് സമർപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല.
അഭിപ്രായം
വളവുകൾ നിവർത്തിയെങ്കിൽ മാത്രമേ കൊടുങ്ങൂരിലെ അപകടങ്ങൾക്ക് ശാശ്വതപരിഹാരമാവുകയുള്ളൂ. സ്വകാര്യ ആശുപത്രിയുടെ മുൻവശത്തുള്ള സർക്കാർ ഭൂമിയിലൂടെ റോഡിന്റെ ഗതിമാറ്റി വളവ് നിവർക്കണമെന്ന് ഒരു നിർദ്ദേശം ഉയർന്നതാണ്
മനോജ് കാവുങ്കൽ,ഹൈടെക് അലൂമിനിയം ഫാബ്രിക്കേഷൻസ് കൊടുങ്ങൂർ