പാലാ: ടൗൺ ബസ് സ്റ്റാൻഡിലെ യാത്രക്കാരുടെ ദുരിതപൂർണ്ണമായ കാത്തിരിപ്പിനു വിരാമമാകുന്നു. ബസിടിച്ചു തകർന്ന വെയിറ്റിംഗ് ഷെഡിനു പകരം പുതിയ വെയിറ്റിംഗ് ഷെഡ് എത്രയും വേഗം നിർമ്മിക്കാൻ അധികാരികൾ തീരുമാനമെടുത്തു കഴിഞ്ഞു. ചെയർപേഴ്‌സൺ ബിജി ജോജോ പ്രശ്‌നം ജോസ്. കെ.മാണി എം.പി.യുടെ ശ്രദ്ധയിൽപ്പെടുത്തി. യാത്രക്കാരുടെ ദുരിതം സംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നടപടി.

പൊതുമരാമത്ത് വകുപ്പ് അധികൃതർ നേരത്തേ ടൗണിന്റെ ചില ഭാഗങ്ങളിൽ രണ്ടു മൂന്ന് വെയിറ്റിംഗ് ഷെഡുകൾ മനോഹരമായി പണിതുയർത്തിയിരുന്നു. ടൗൺ ബസ് സ്റ്റാൻഡിലെ വെയിറ്റിംഗ് ഷെഡിന്റെ ചുമതലയും പൊതുമരാമത്തു വകുപ്പിനെ ഏൽപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെയർപേഴ്‌സൺ ബിജി ജോജോ പറഞ്ഞു. വെയിറ്റിംഗ് ഷെഡ് ഇല്ലാത്തതിനാൽ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എത്രയും വേഗം വെയിറ്റിംഗ് ഷെഡ് പണിതുയർത്താനുള്ള തീരുമാനത്തിലാണ് നഗരസഭയെന്നും ചെയർപേഴ്‌സൺ വിശദീകരിച്ചു.