കോട്ടയം : എയ്ഡ്സ് മുതൽ മാരകമായ ത്വക്ക് രോഗങ്ങൾക്കുവരെ കാരണമാകുന്ന പച്ചകുത്ത് (ടാറ്റു പതിപ്പിക്കൽ) തെരുവോരങ്ങളിൽ വ്യാപകമാകുന്നു. പഴയകാല പച്ചകുത്തിന്റെ പുതിയ രൂപമാണ് ഫ്രീക്കന്മാരുടെ ഹരമായ ടാറ്റു വൈകൃതം. അണുവിമുക്തമാക്കാത്ത സൂചിയും മറ്റും ഉപയോഗിച്ച് മനുഷ്യശരീരത്തിൽ വരച്ചുകൂട്ടുന്ന ഈ ദുരന്തത്തെക്കുറിച്ച് അധികൃതരും ശ്രദ്ധിക്കുന്നില്ല. അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നാണ് മലയാളി ഫ്രീക്കന്മാർ ടാറ്റുഭ്രമം പകർത്തിയത്. സാമൂഹ്യസുരക്ഷയെ ബാധിക്കുന്ന ചിഹ്നങ്ങളായും ടാറ്റുപ്രയോഗം മാറിയിട്ടുണ്ടെന്നാണ് വിവരം.
വ്യക്തികളുടെ പേര്, മതചിഹ്നങ്ങൾ, തൊഴിലുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, സിനിമാ താരങ്ങളുടെ ചിത്രം, മൃഗങ്ങളുടെ ചിത്രം എന്നിവയാണ് സാധാരണ വരയ്ക്കാറുള്ളതെങ്കിലും മയക്കുമരുന്ന് - ക്വട്ടേഷൻ - കള്ളക്കടത്ത് സംഘങ്ങൾ പരസ്പരം തിരിച്ചറിയാനുള്ള ചിഹ്നങ്ങളും ശരീരഭാഗത്ത് വരയ്ക്കുന്നുണ്ട്. കൈകാലുകളിലും കഴുത്തിലുമൊക്കെയാണ് സാധാരണ ടാറ്റു പ്രയോഗമെങ്കിലും പുറമേ കാണാത്ത ശരീരഭാഗങ്ങളിൽ പ്രത്യേക ഗാങ്ങ് കോഡുകൾ കോറിയിടുന്നവരുമുണ്ട്. ചിത്രംവരച്ച ഭാഗത്ത് രക്തംകിനിയുമ്പോൾ മഞ്ഞൾപ്പൊടി പുരട്ടുന്നത് മാത്രമാണ് പ്രതിരോധചികിത്സ. ആവശ്യക്കാർ ഏറിയതോടെ ഞായറാഴ്ചകളിൽ എത്തുന്ന ഉത്തരേന്ത്യൻ പച്ചകുത്തുകാർക്കും ചാകരയാണ്. പഴയകാലത്ത് പച്ചകുത്തിന് പ്രകൃതിദത്ത പച്ചിലച്ചാറുകളായിരുന്നെങ്കിൽ ഇന്ന് രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത്. വെള്ളപ്പാണ്ട് ഉൾപ്പെടെയുള്ള ത്വക്ക് രോഗങ്ങൾക്കും ഇത് കാരണമാകും.
തെരുവോര പച്ചകുത്തിന് 50 മുതൽ 500 രൂപവരെ
പ്രത്യേക വരകൾക്ക് ചതുരശ്ര ഇഞ്ചിന് 500 രൂപ
അപകടസാദ്ധ്യതകൾ
ടാറ്റു കുത്തുന്ന ഭാഗത്തെ ശരീരകോശങ്ങൾ പൂർണമായും നശിക്കും
ഒട്ടിക്കുന്ന ടാറ്റു ത്വക്ക് രോഗങ്ങളും അലർജിയും ഉണ്ടാക്കും
ടാറ്റു നീക്കം ചെയ്യുന്ന ലേസർ ചികിത്സയും, രാസവസ്തുക്കളും അപകടകാരി
അശാസ്ത്രീയമായ പച്ചകുത്തൽ രോഗാണുവ്യാപനമുണ്ടാക്കും
''
അശാസ്ത്രീയമായ പച്ചകുത്ത് അപകടകാരിയാണ്. അണുവിമുക്തമാക്കാത്ത സൂചിയും മറ്റും ഉപയോഗിക്കുന്നത് രോഗവ്യാപനത്തിന് കാരണമാകും. അണുവിമുക്തമായ സൂചി ഉപയോഗിച്ചില്ലെങ്കിൽ അക്വുപഞ്ചറുപോലും അപകടകാരിയാണ്. എങ്കിലും പച്ചകുത്ത് നിരോധിച്ചിട്ടുള്ളതായി അറിയില്ല. എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയ്ക്കാണ് ഈ കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാവുക. പൊതുജന സുരക്ഷ മുൻനിറുത്തി തെരുവോര പച്ചകുത്തിനെതിരെ പൊലീസിന് നടപടി എടുക്കാം.
- ഡോ. ജേക്കബ് വർഗീസ്, ഡി.എം.ഒ. കോട്ടയം