കോട്ടയം : എം.ജി സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ജില്ലയിലെ കെ.എസ്.യുവിൽ പൊട്ടിത്തെറി. പരാജയത്തിന്റെ കാരണം കെ.എസ്.യുവിന്റെയും കോൺഗ്രസിന്റെയും ജില്ലാ നേതൃത്വമാണെന്ന് കുറ്റപ്പെടുത്തി

പ്രവർത്തകർ രംഗത്തെത്തി. പാലാ സെന്റ് തോമസ് കോളേജിലെ യൂണിറ്റ് കമ്മിറ്റി സോഷ്യൽ മീഡിയയിൽ വിമർശനം പോസ്‌റ്റ് ചെയ്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന് യൂണിറ്റ് പ്രസിഡന്റ് മാർട്ടിൻ ജോസ് കത്ത് നൽകി.

തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് സഹായം നൽകാതെ ജില്ലാ കമ്മിറ്റി പ്രവർത്തകരെ തമ്മിൽത്തല്ലിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ആരോപണം. എറണാകുളത്തും, ഇടുക്കിയിലും അടക്കം കെ.എസ്.യു നേട്ടമുണ്ടാക്കിയപ്പോൾ ജില്ലയിലെ മത്സരം ദയനീയമായത് നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലമാണ്. ഉമ്മൻചാണ്ടിയും, തിരുവഞ്ചൂർ രാധാകൃഷ്‌ണനും അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സഹായവും കെ.എസ്.യുവിന് ലഭിക്കുന്നില്ല. കഴിഞ്ഞ തവണ വിജയിച്ച പാലാ സെന്റ് തോമസ് കോളേജും, ചങ്ങനാശേരി എസ്.ബി കോളേജും ഇത്തവണ കൈവിട്ടത് നേതൃത്വം ഗൗരവത്തോടെ കാണണമെന്നും പ്രവർത്തകർ പറയുന്നു.