കോട്ടയം: പത്രികാ സമർപ്പണം ബുധനാഴ്ച ആരംഭിക്കാനിരിക്കേ പാലായിലേക്ക് സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിന്റെ പങ്കപ്പാടിലാണ് മുന്നണികൾ. കേരള കോൺഗ്രസിൽ ഇടഞ്ഞു നിൽക്കുന്ന ജോസ് -ജോസഫ് ഗ്രൂപ്പുകൾക്കും സമ്മതനായ സ്ഥാനാർത്ഥിയെ കണ്ടെത്തുക ബുദ്ധിമുട്ടിലാക്കുന്നത് യു.ഡി.എഫിനെയായിരിക്കും. സ്ഥാനാർത്ഥിയെ താൻ പ്രഖ്യാപിക്കുമെന്ന് പി.ജെ.ജോസഫ് മുൻകൂട്ടി വെടിപൊട്ടിച്ചിട്ടുണ്ട്.
മാണികുടുംബത്തിൽ നിന്നുള്ള സ്ഥാനാർത്ഥി വേണമെന്ന് പ്രവർത്തകർക്ക് ശക്തമായ ആഗ്രഹമുണ്ട്. നിഷ ജോസ് കെ. മാണിയുടെ പേര് ഉയരുന്നത് അങ്ങനെയാണ്. ജോസ് രാജ്യസഭാംഗമാതിനാൽ നിഷയുടെ പേര് മാത്രമാണ് കുടുംബത്തിൽ നിന്ന് ഉയർന്നിട്ടുള്ളത്. ദീർഘകാലം പാർട്ടി ജില്ലാ പ്രസിഡന്റായിരുന്ന ഇ.ജെ.അഗസ്തി, ജില്ലാ ബാങ്ക് പ്രസിഡന്റായിരുന്ന ഫിലിപ്പ് കുഴികുളം തുടങ്ങിയ പേരുകളും പ്രചരിക്കുന്നുണ്ടെങ്കിലും മാണി വികാരം നിലനിറുത്തിയുള്ള ജയസാദ്ധ്യത നിഷയ്‌ക്കു തന്നെ. തമ്മിലടി ഒഴിവാക്കാനും നിഷയ്‌ക്കാകും പ്രഥമ പരിഗണന.
ജോസഫ് വിഭാഗം ഇടഞ്ഞാൽ മത്സരിക്കാൻ ജോയി എബ്രഹാം, സജി മഞ്ഞകടമ്പിൽ തുടങ്ങിയ ജോസഫ് വിഭാഗക്കാരും തയ്യാറായുണ്ട്. അത്തരമൊരു സാഹചര്യം വന്നാൽ രണ്ട് കേരളകോൺഗ്രസ് ഗ്രൂപ്പുകളും സൗഹൃദമത്സരം നടത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ അങ്ങനെ മത്സരിച്ച ചരിത്രവും കേരളകോൺഗ്രസിനുണ്ട്.
മാണി സി. കാപ്പൻ നേരത്തേ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിൽ ഇടതു നേതാക്കൾക്ക് നീരസമുണ്ടായെങ്കിലും മറ്റൊരു പേര് എൻ.സി.പിയിൽ ഉയർന്നിട്ടില്ല. നാലു തവണ മാണിയോട് പരാജയപ്പെട്ടതിനാൽ കാപ്പന്റെ ജയസാദ്ധ്യത ചോദ്യം ചെയ്തു പാർട്ടിയിൽ ഒരു വിഭാഗം രംഗത്തുണ്ട്. ജയസാദ്ധ്യതനോക്കി ഒരു പൊതു സ്വതന്ത്രനെ ഇടതു മുന്നണി തീരുമാനിച്ചാൽ എൻ.സി.പി നേതൃത്വം വഴങ്ങിയേക്കും.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി. അഡ്വ.ജയസൂര്യ, നാരായണൻ നമ്പൂതിരി തുടങ്ങിയ പേരുകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഹരിക്കായിരിക്കും കൂടുതൽ സാദ്ധ്യത.