ചങ്ങനാശേരി: നഗരസഭയിലെ അദ്ധ്യക്ഷപദവിയെച്ചൊല്ലിയുള്ള തർക്കം അവിശ്വാസപ്രമേയത്തിലേക്ക് നീങ്ങുന്നു. നിലവിൽ ജോസ് വിഭാഗത്തിലെ ലാലിച്ചൻ കുന്നിപ്പറമ്പിലാണ് ചെയർമാൻ. കേരള കോൺഗ്രസിന് ലഭിച്ച കാലാവധിയിൽ പകുതി സമയം മുതിർന്ന കൗൺസിലറായ സാജൻ ഫ്രാൻസിസിന് നൽകാമെന്നായിരുന്നു കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി തീരുമാനം. എന്നാൽ സാജനും ലാലിച്ചനും കേരള കോൺഗ്രസിലെ രണ്ടു വിഭാഗങ്ങളുടെ പ്രതിനിധികളായി മാറിയതാണ് അദ്ധ്യക്ഷ പദവിയെച്ചൊല്ലി വീണ്ടും തർക്കം മുറുകുന്നതിന് കാരണമായിരിക്കുന്നത്. സാജനെ അനുകൂലിക്കുന്ന ജോസഫ് വിഭാഗം നിയോജകമണ്ഡലം നേതാക്കൾ യു.ഡി.എഫ് നേതാക്കൾക്ക് ധാരണ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകി. എന്നാൽ ഇത് കേരള കോൺഗ്രസിന്റെ ആഭ്യന്തരപ്രശ്നമാണെന്ന് നിലപാടാണ് യു.ഡി.എഫ് നേതൃത്വത്തിനുള്ളത്. അതു കൊണ്ട് തന്നെ യു.ഡി.എഫ്.നേതൃത്വം ഈ വിഷയത്തിൽ പരസ്യപ്രസ്താവനയ്ക്ക് ഇതു വരെ തയ്യാറായിട്ടുമില്ല .സാജൻ ഫ്രാൻസിസിനെ അനുകൂലിക്കുന്നവർ ലാലിച്ചൻ മാറിക്കൊടുക്കാൻ തയ്യാറായില്ലെങ്കിൽ നഗരസഭാദ്ധ്യക്ഷനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ തയ്യാറെടുക്കുന്നത്. എന്നാൽ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി ഇപ്പോഴുണ്ടായിരിക്കുന്ന തർക്കത്തിൽ കഴമ്പില്ലെന്നാണ് ലാലിച്ചനെ അനുകൂലിക്കുന്നവരുടെ നിലപാട്.