cmfrt-stn

ചങ്ങനാശേരി: കറുകച്ചാൽ ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ബസ് സ്റ്റാൻഡിനുള്ളിലെ കംഫർട്ട് സ്റ്റേഷൻ കെട്ടിടം കാട് പിടിച്ച് നശിക്കുന്നു. കറുകച്ചാൽ സ്റ്റാൻഡിലും പരിസരങ്ങളിലും എത്തുന്നവർക്കും യാത്രക്കാർക്കും വേണ്ടി നിർമ്മിച്ചതാണ് ഈ കംഫർട്ട് സ്റ്റേഷൻ. ദിനംപ്രതി നിരവധി യാത്രക്കാർ വന്നുപോകുന്ന ഇവിടെ ഇതല്ലാതെ വേറൊരു കംഫർട്ട് സ്റ്റേഷൻ ഇല്ല. മേഴ്‌സി ആശുപത്രിക്ക് സമീപമായി ഒരു ടാക്‌സി സ്റ്റാൻഡും കംഫർട്ട് സ്റ്റേഷനും നിർമ്മിച്ചിട്ടുണ്ടെങ്കിലും ഉപയോഗിക്കാനായി തുറന്നു കൊടുത്തിട്ടില്ല. 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കംഫർട്ട് സ്റ്റേഷനാണ് പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകാതെ നോക്കുകുത്തിയായി നിലകൊള്ളുന്നത്.

കംഫർട്ട് സ്റ്റേഷനും പൊലീസ് എയ്ഡ് പോസ്റ്റ്,ട്രാൻ സ്‌റ്റേഷൻ മാസ്റ്റർ ഓഫീസും പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂരയും കോൺക്രീറ്റും അടർന്നു വീഴുന്ന നിലയിലാണ്. കംഫർട്ട് സ്റ്റേഷനും പൊലീസ് എയ്ഡ് പോസ്റ്റുമാണ് ഇവിടെ തുറക്കുന്നത്. ട്രാൻ സ്‌റ്റേഷൻ മാസ്റ്റർ ഓഫീസ് അടച്ചിട്ട നിലയിലും മുറി മുഴുവൻ കാട് കയറിയ നിലയിലുമാണ്. ഇഴജന്തുക്കളുടെ താവളമായി മാറുകയാണ് ഇവിടം. കെട്ടിടത്തിന്റെ മുൻവശത്തെ മുകളിലത്തെ കോൺക്രീറ്റ് ഏതു നിമിഷവും അടർന്ന് താഴെ വീഴാവുന്ന നിലയിലാണ്.

 വ്യത്യസ്തമായ നിരക്കുകൾ

ജില്ലയിലെ എല്ലാ കംഫർട്ട് സ്റ്റേഷനുകളിലും മൂത്രപ്പുര ഉപയോഗിക്കുന്നതിന് രണ്ടു രൂപയും ശൗചാലയത്തിന് അഞ്ചു രൂപയുമാണ് ഈടാക്കുന്നത്. എന്നാൽ കറുകച്ചാലിലെ പഞ്ചായത്ത് കംഫർട്ട് സ്റ്റേഷനിൽ മൂത്രപ്പുരയ്ക്ക് മൂന്നും ശൗചാലയത്തിന് ഏഴുരൂപയുമാണ് ഈടാക്കുന്നത്.എന്നാൽ, ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതർ പറയുന്നത് മൂത്രപ്പുരയ്ക്ക് രണ്ടും ശൗചാലയത്തിന് അഞ്ചു രൂപ നിരക്കിലുമാണ് ടെൻഡർ നൽകിയിരിക്കുന്നത് എന്നാണ്. എന്നാൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷനിൽ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കൂടുതൽ തുക ഈടാക്കുന്നത് അനുവദിക്കുവാനാവില്ലെന്ന് യാത്രക്കാരും വ്യാപാരികളും പറയുന്നു.