കോട്ടയം : പാലാ നിയോജക മണ്ഡലത്തിൽ വോട്ടർപട്ടികയിലെ പേര് ചേർക്കലും നീക്കം ചെയ്യലും തകൃതിയായി നടക്കുന്നതിനിടെ മുന്നണികളെ ഞെട്ടിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അപ്രതീക്ഷിത പ്രഖ്യാപനം. കമ്മിഷൻ ഉത്തരവോടെ മണ്ഡലത്തിൽ പുതിയ വോട്ടർമാരെ ചേർക്കാൻ ഇനി ലഭിക്കുക രണ്ടു ദിവസം മാത്രമാണ്. നാമനിർദ്ദേശപത്രിക സ്വീകരിക്കുന്ന 28 ന് തലേന്ന് വരെ പേര് ചേർക്കാം. ഇതിനോടകം അയ്യായിരത്തോളം പുതിയ വോട്ടർമാരാണ് അപേക്ഷ നൽകി കാത്തിരിക്കുന്നത്. ഇതിൽ 3500 എണ്ണത്തിന്റെ പരിശോധന നടപടികൾ ആരംഭിച്ചിട്ടുണ്ട്.

വോട്ടെടുപ്പ് സെപ്തംബർ അവസാനമെന്ന കണക്കുകൂട്ടലിലായാരുന്നു മുന്നണികൾ. മൂന്നു മുന്നണികളും മത്സരിച്ചാണ് വോട്ടർപട്ടികയിൽ ആളുകളെ ചേർത്തിരുന്നത്. യു.ഡി.എഫ് - കേരള കോൺഗ്രസ് പ്രവർത്തകർ വിവിധ മഠങ്ങളിൽ നിന്ന് പരമാവധി ആളുകളുടെ പേര് വോട്ടർ പട്ടികയിൽ ചേർത്തു. ഇത് പുറത്തറിഞ്ഞതോടെ ഇടതു മുന്നണി പ്രവർത്തകർ മറുമരുന്നും ആരംഭിച്ചു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറായ സുരേഷിനെ സ്ഥലം മാറ്റി, പ്രേമലതയെ പകരം നിയോഗിച്ചു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വോട്ടുകൾ കുറയ്‌ക്കാനുള്ള നടപടികളും എൽ.ഡി.എഫ് പ്രവർത്തകർ ആരംഭിച്ചിരുന്നു. ആയിരത്തിലേറെ അപേക്ഷകളാണ് ഇത്തരത്തിൽ നൽകിയത്. ഇനിയുള്ള പോരാട്ടം തിരഞ്ഞെടുപ്പ് ഗോദയിലേയ്‌ക്ക് കടക്കുന്നതിനാൽ രണ്ടുദിവസം കൊണ്ട് പരമാവധി പേരെ ചേർക്കാനാണ് മുന്നണികളുടെ ശ്രമം.