വൈക്കം: 2019 ഡിസംബർ 12 മുതൽ 22 വരെ വൈക്കം ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന 37ാമത് ഭാഗവത സത്രത്തിന്റെ മുന്നോടിയായി മേൽപ്പത്തൂർ നാരായണ ഭട്ടതിരിയാൽ രചയിതമായ നാരായണീയ പാരായണം നടക്കും. 108 ദിവസം നീണ്ടനിൽക്കുന്ന നാരായണീയ പാരായണത്തിന് 28ന് രാവിലെ 8ന് തുടക്കമാകും. നാരായണീയ പരായണ വേദിയിൽ സ്ഥാപിക്കാനുളള ഭദ്രദീപം നാളെ 7.30ന് മളളിയൂർ ഗണപതിക്ഷേത്രനടയിൽ ബ്രഹ്മശ്രീ മളളിയൂർ പരമേശ്വരൻ നമ്പൂതിരി തെളിയിക്കും. ചടങ്ങിൽ മുൻമന്ത്രി മോൻസ് ജോസഫ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് സുനു ജോർജ്ജ്, എസ്.എൻ.ഡി.പി. കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് പ്രസാദ് ആരിശ്ശേരി, കടുത്തുരുത്തി തളിയിൽ മഹാദേവക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് ശ്രീകുമാർ എന്നിവർ പങ്കെടുക്കും. വർക്കിംഗ് ചെയർമാൻ ബി. അനിൽകുമാർ, ചീഫ് കോഓർഡിനേറ്റർ പി.വി.
ബിനേഷ് പ്ലാത്താനത്ത്, ജനറൽ കൺവീനർ രാഗേഷ് ടി.നായർ, ഘോഷയാത്ര കമ്മിറ്റി കൺവീനർ കെ.പി. ജിനീഷ് എന്നിവർ ചേർന്ന് ഭദ്രദീപം ഏറ്റുവാങ്ങും. തുടർന്ന് ദീപരഥ ഘോഷയാത്ര ആദിത്യപുരം സൂര്യക്ഷേത്രം, കടുത്തുരുത്തി മഹാദേവക്ഷേത്രം, തലയോലപ്പറമ്പ് കാർത്യായനീക്ഷേത്രം,
തിരുപുരം ക്ഷേത്രം, വടകര ജംഗ്ഷൻ, വടകര ഇന്ദിരാൻ മഹാവിഷ്ണുക്ഷേത്രം,
വെട്ടിക്കാട്ടുമുക്ക് പുണ്ഡരീകപുരം ക്ഷേത്രം, ഇളങ്കാവ് ദേവീക്ഷേത്രം, ധ്രുവപുരം ക്ഷേത്രം, അരീക്കുളങ്ങര ക്ഷേത്രം, വടക്കേനട അയ്യപ്പക്ഷേത്രം, വഴുതനക്കാട് സരസ്വതീക്ഷേത്രം, പാലക്കുളങ്ങര അയ്യപ്പക്ഷേത്രം
എന്നിവിടങ്ങളിൽ സന്ദർശിച്ച് ചേരിക്കൽ ദേവീക്ഷേത്രത്തിലെത്തും, തുടർന്ന് ചേരിക്കൽ ക്ഷേത്രാങ്കണത്തിൽ നിന്ന് നൂറുകണക്കിന് താലങ്ങളുടേയും വാദ്യഘോഷങ്ങളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ ചെമ്മനത്തുകര സുബ്രഹാമണ്യസ്വാമി ക്ഷേത്രത്തിലെത്തി അവിടെ നിന്ന് ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിച്ചേരും. തുടർന്ന് ശ്രീകൃഷ്ണ ക്ഷേത്രം ഓഡിറ്റോറിയത്തിൽ സത്രനിർവ്വഹണ സമിതി വർക്കിംഗ് ചെയർമാൻ ബി. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന നാരായണീയസംഗമം സിവിൽ സപ്ലൈസ് എം.ഡി. സതീഷ്‌കുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത പിന്നണിഗായകൻ മധുബാലകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും.
സത്രസമതി ജനറൽ സെക്രട്ടറി ടി.ജി. പത്മനാഭൻ നായർ മുഖ്യപ്രഭാഷണം നടത്തും. സത്രനിർവ്വഹണസമിതി ചീഫ് കോഓർഡിനേറ്റർ ബിനേഷ് പ്ലാത്താനത്ത്, ജനറൽ കൺവീനർ രാഗേഷ് ടി.നായർ, സത്രസമിതി ഭാരവാഹികളായ ടി. നന്ദകുമാർ, അംബുജാക്ഷൻ നായർ, സോമകുമാർ, എസ്. ശ്രീനി, നാരായണീയ പാരായണ സമിതി ഭാരവാഹികളായ ബീന അനിൽകുമാർ, മായാ രാജേന്ദ്രൻ എന്നിവർ സംസാരിക്കുമെന്ന് മീഡിയ കമ്മിറ്റി ചെയർമാൻ എൻ. അമർജ്യോതി, കൺവീനർ മനോജ് ഡിസൈൻസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.എൻ. രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.