കോട്ടയം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ നടത്തിയ പരസ്യപ്രസ്താവന സ്വാഗതാർഹമാണെന്ന് എൻ.സി.പി ജില്ലാ പ്രസിഡന്റ് കാണക്കാരി അരവിന്ദാക്ഷൻ പറഞ്ഞു. ശബരിമല വിഷയത്തിൽ ശത്രുപക്ഷം നടത്തിയ തെറ്റിദ്ധാരണ ഇടതുമുന്നണിയെ ദോഷകരമായി ബാധിച്ചിരുന്നു. അതിനെ മറികടക്കാൻ കഴിയുന്നതാണ് കോടിയേരിയുടെ ഇപ്പോഴത്തെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. കേരള ആർട്ടിസാൻസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രതിനിധി സമ്മേളനം എൻ.സി.പി കോട്ടയം ആഫിസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർട്ടിസാൻസ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി പി.പി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് കെ. ചന്ദ്രശേഖരന് യോഗത്തിൽ സ്വീകരണം നൽകി. യോഗത്തിൽ ശശിധരൻ തൃശൂർ, മോഹൻദാസ്, കെ.കെ. ഗോപാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ പാലക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.