kp-rajendran

വൈക്കം : പാർലമെന്റിൽ ചർച്ച പോലും ചെയ്യാതെയാണ് കേന്ദ്ര സർക്കാർ തൊഴിലാളികളുടെ അവകാശങ്ങൾ റദ്ദാക്കുന്നതെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ പറഞ്ഞു. കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രതിനിധി സമ്മേളനം വൈക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് ദരിദ്ര കുടുംബങ്ങളുടെ ആശ്രയമായ പരമ്പരാഗത വ്യവസായ മേഖല വൻപ്രതിസന്ധിയിലാണ്. ഇത് തകർന്നാൽ കേരളത്തെ അത് ഗുരുതരമായി ബാധിക്കും. കേരളത്തിലെ വിവിധ ട്രേഡ് യൂണിയനുകളുമായി മുഖ്യമന്ത്രി ഈ രംഗത്തെ പ്രശ്‌നങ്ങൾ ചർച്ച ചെയ്തു മനസിലാക്കുന്നതിനും പരമ്പരാഗതനിർമാണ മേഖലയിലെ തൊഴിൽ സ്തംഭനം ഒഴിവാക്കുന്നതിനും നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രി പി.തിലോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് എ.അബ്ബാസ് പതാക ഉയർത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ, ബി.കെ.എം.യു സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ കൃഷ്ണൻ, എ.ശിവരാജൻ, സി.കെ ആശ എം.എൽ.എ, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.എൻ രമേശൻ, സെക്രട്ടറി വി.കെ സന്തോഷ്‌കുമാർ, വി.മോഹനദാസ്, ടി.രഘുവരൻ, എം.ഡി ബാബുരാജ്, കെ.അജിത്ത്, എം.കെ ശീമോൻ എന്നിവർ പ്രസംഗിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി മന്ത്രി പി.തിലോത്തമൻ, സെക്രട്ടറിയായി സത്യനേശൻ എന്നിവരടങ്ങിയ 75 അംഗ സംസ്ഥാന സമിതിയെയും തിരഞ്ഞെടുത്തു.